പ്ലസ് ടുവിന് മുഴുവൻ എ പ്ലസ്, പക്ഷെ റേഷൻ കാർഡില്ല; അതിഥി തൊഴിലാളിയുടെ മകന് തുണയായി മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ

റേഷൻ കാർഡില്ലാത്തതിന്റെ പേരിൽ ഉപരിപഠനത്തിന് പ്രതിസന്ധി നേരിട്ട അതിഥി തൊഴിലാളിയുടെ മകന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര ഇടപെടലിൽ ആശ്വാസം. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ‘എ പ്ലസ്’ നേടി ഉന്നത വിജയം കരസ്ഥമാക്കിയ റോഹൻ പ്രധാനാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാൻ വഴിതെളിഞ്ഞത്.
പശ്ചിമബംഗാൾ സ്വദേശികളായ റോബർട്ട് പ്രധാന്റെയും റീതാ പ്രധാന്റെയും മകനാണ് റോഹൻ. ഒട്ടനവധി പ്രതിസന്ധികളോട് പോരാടിയാണ് ഈ മിടുക്കൻ പ്ലസ് ടുവിന് ഉജ്ജ്വല വിജയം നേടിയത്. എന്നാൽ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബിരുദ പ്രവേശനത്തിനായി അപേക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് റേഷൻ കാർഡില്ലെന്ന വിവരം തടസ്സമായി മുന്നിലെത്തിയത്.
കോളേജ് അധികൃതർ കൈമലർത്തിയതോടെ ആശങ്കയിലായ റോഹൻ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലിനൊപ്പം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സങ്കടം ബോധിപ്പിച്ചത്. വിദ്യാർത്ഥിയുടെ അവസ്ഥ മനസ്സിലാക്കിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉടനടി വിഷയത്തിൽ ഇടപെടുകയും പ്രവേശനത്തിനുള്ള തടസ്സങ്ങൾ അതിവേഗം നീക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു.
മുഖ്യമന്ത്രിയുടെ സമയബന്ധിതമായ ഇടപെടലിന് പിന്നാലെ റോഹന് താൻ ആഗ്രഹിച്ച കോഴ്സിന് തന്നെ വിജയകരമായി അപേക്ഷിക്കാൻ സാധിച്ചു.
1995-ലാണ് റോഹന്റെ പിതാവ് റോബർട്ട് പ്രധാൻ ഉപജീവനത്തിനായി കേരളത്തിലെത്തുന്നത്. വർഷങ്ങൾക്ക് ശേഷം കുടുംബത്തെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഉപരിപഠനവും ഭാവിജീവിതവുമെല്ലാം തനിക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കിയ കേരളത്തിൽ തന്നെ വേണമെന്നാണ് ഈ ബംഗാളി വിദ്യാർത്ഥിയുടെ ആഗ്രഹം. തടസ്സങ്ങളെല്ലാം നീങ്ങി പ്രിയപ്പെട്ട കോഴ്സിന് അപേക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ റോഹനും കുടുംബവും.



