മുൻമന്ത്രി വീണാ ജോർജിനെതിരെയുള്ള വധശ്രമക്കേസ്….. പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു

കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു. കേസിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വ്യാജ പരാതി നൽകിയ വീണാ ജോർജിന്റെ ഗൺമാനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെഎസ് യു ആവശ്യപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് തങ്ങൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഭരണകക്ഷിയുടെ തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞ കെഎസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അതുൽ എം.സി പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിന് 16 ദിവസമാണ് തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നതെന്നും ഇത് വ്യക്തമായ ഭരണകൂട വേട്ടയാണെന്നും, തങ്ങൾക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാൻ പുതിയ സർക്കാർ ഇടപെടണമെന്നും അതുൽ പ്രതികരിച്ചു. പ്രതിഷേധത്തിനിടെ കെഎസ് യു പ്രവർത്തകർ മാരകായുധം ഉപയോഗിച്ച് വീണാ ജോർജിന്റെ കഴുത്തിന് പരിക്കേൽപ്പിച്ചെന്നായിരുന്നു ഗൺമാൻ പൊലീസിന് നൽകിയ ആദ്യ മൊഴി. എന്നാൽ ഇതിന് വിരുദ്ധമായി, കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമാണെന്നായിരുന്നു പിന്നീട് വീണാ ജോർജ് തന്നെ പൊലീസിന് നൽകിയ മൊഴി. ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാണ് കെഎസ് യു പുനഃരന്വേഷണം ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഫെബ്രുവരി 25-നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അന്നത്തെ മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ കെഎസ് യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇത് മന്ത്രിയെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നായിരുന്നു സിപിഐഎം നേതാക്കളുടെ ആരോപണം. മാരകായുധങ്ങളുമായി ആക്രമിച്ചെന്ന് കാണിച്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ കെഎസ് യു നേതാക്കളായ അതുൽ എം.സി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി. അച്ച്, അഹമ്മദ് യാസീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആരോപിക്കുന്ന തരത്തിലുള്ള നിർണായക തെളിവുകളൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവർക്ക് പിന്നീട് ജാമ്യം അനുവദിച്ചത്. നിലവിൽ ഇവർ ജാമ്യത്തിൽ കഴിയുകയാണ്.



