ഒമാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം….. എണ്ണ ലോഡിങ് താത്ക്കാലികമായി നിർത്തിവെച്ചു

ഒമാനിലെ പ്രമുഖ എണ്ണ കയറ്റുമതി കേന്ദ്രമായ മിനാ അൽ ഫഹൽ ടെർമിനലിൽ ഡ്രോൺ ആക്രമണം. കടലിലെ സിംഗിൾ ബോയ് മൂറിംഗിലെ ഒന്നും രണ്ടും ബർത്തുകൾക്കിടയിലാണ് ശക്തമായ സ്ഫോടനമുണ്ടായത്. ആക്രമണത്തെത്തുടർന്ന് ഈ കേന്ദ്രത്തിൽ നിന്നുള്ള എണ്ണ ലോഡിങ് നടപടികൾ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആക്രമണം കൃത്യമായി എപ്പോഴാണ് നടന്നതെന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവം നടക്കുമ്പോൾ ടെർമിനലിലുണ്ടായിരുന്ന ഔദ്യോഗിക പ്രതിനിധികളാരും തന്നെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിലുണ്ടായ സമാനമായ ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഒമാനിലെ ഈ ആക്രമണത്തിലും ഇറാൻ ഇതുവരെ പരസ്യ പ്രതികരണങ്ങൾക്കൊന്നും തയ്യാറായിട്ടില്ല. എന്നാൽ, മിനാ അൽ ഫഹൽ ടെർമിനലിലെ ഡ്രോൺ ആക്രമണത്തിന് പിന്നിലും ഇറാൻ തന്നെയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒമാൻ ഉൾക്കടലിൽ, പേർഷ്യൻ ഗൾഫിന് പുറത്തായാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ എണ്ണ കയറ്റുമതി കേന്ദ്രമുള്ളത്. ഇറാൻ-അമേരിക്കൻ സമാധാന ചർച്ചകളിൽ എക്കാലത്തും സജീവമായ നയതന്ത്ര ഇടപെടലുകൾ നടത്തുന്ന രാജ്യമാണ് ഒമാൻ. മിധ്യസ്ഥത വഹിക്കുന്ന ഒമാനെതിരെ തന്നെ ഇപ്പോൾ നടന്നിരിക്കുന്ന ഈ ആക്രമണം പശ്ചിമേഷ്യയിലെ സമാധാന ചർച്ചകളെ ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.



