നിലവിളക്ക് വിവാദം: ‘അനിസ്‌ലാമിക ആചാരങ്ങൾ വർജ്ജിക്കണം’…. ഫാത്തിമ തഹ്‍ലിയ എംഎൽഎയെ തിരുത്തി സമസ്ത

കോഴിക്കോട്: പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലിംലീഗ് എംഎൽഎ ഫാത്തിമ തഹിലിയയെ തിരുത്തി സമസ്ത. അനിസ്ലാമികമായ ആചാരങ്ങളും ഇതരമതസ്ഥരുടെ ചടങ്ങുകളും വർജ്ജിക്കണമെന്നും സമസ്ത ആഹ്വാനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ യോഗത്തിലാണ് ഈ വിഷയം പ്രധാന ചർച്ചയായത്. പേരാമ്പ്ര മണ്ഡലത്തിലെ ഒരു റസ്റ്റോറന്റ് ഉദ്ഘാടന ചടങ്ങിനിടെ ഫാത്തിമ തഹ്‍ലിയ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
ഒരു പ്രത്യേക മതചടങ്ങായി കാലങ്ങളായി അമുസ്ലിങ്ങൾ നടത്തിവരുന്ന കാര്യമാണ് നിലവിളക്ക് കൊളുത്തലെന്ന് കേന്ദ്ര മുഷവറ അംഗങ്ങൾ വ്യക്തമാക്കി. ഇത്തരം ഇതരമതസ്ഥരുടെ ചടങ്ങുകളും അനിസ്ലാമിക ആചാരങ്ങളും പിന്തുടരുന്നത് ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങളാണെന്നും ഇത് സമുദായത്തിന് പുറത്തേക്കുള്ള വഴിയാണെന്നും സമസ്ത ഓർമ്മിപ്പിച്ചു. ഫാത്തിമ തഹ്‍ലിയയുടെ നടപടിക്കെതിരെ നേരത്തെ തന്നെ വിവിധ ഇസ്‌ലാമിക സംഘടനകളും പണ്ഡിതന്മാരും രംഗത്തെത്തിയിരുന്നു. പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫും എംഎൽഎയെ രൂക്ഷമായി വിമർശിച്ചിരുന്നു.
രാഷ്ട്രീയ സ്വീകാര്യതയ്ക്കായി മതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇവരുടെ നിലപാട്. സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും ഫേസ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷമായി ഈ നടപടിയെ വിമർശിച്ചിരുന്നു. അതേസമയം, കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായാണ് നിലവിളക്ക് കൊളുത്തുന്നതെന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ, മതപരമായ വിലക്കുകൾ ലംഘിക്കാൻ ജനപ്രതിനിധികൾക്ക് അവകാശമില്ലെന്നാണ് സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ നിലപാട്.



