ലിവിങ് ടുഗെദര്‍ സമയത്ത് കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെ കുട്ടി, അച്ഛന്റെ പേര് ജനനസര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാന്‍ ഹൈക്കോടതിയുടെ അനുമതി

വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിച്ചിരുന്ന കാലയളവില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. പുതിയ ജനന സര്‍ട്ടിഫിക്കറ്റ് 30 ദിവസത്തിനകം നല്‍കണമെന്നും പത്തനംതിട്ട പളളിക്കല്‍ ഗ്രാമപഞ്ചായത്തിനോട് കോടതി നിര്‍ദേശിച്ചു. തമിഴ്‌നാട്ടില്‍ താമസിക്കുന്ന കോട്ടയം, കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിള്‍ മദറിന്റെ പേരിലാണ് ജനന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിതാവിന്റെ പേര് ചേര്‍ക്കാന്‍ നിയമപരമായ തടസങ്ങളുണ്ടെങ്കിലും കുട്ടിയുടെ ഭാവിയും സാമൂഹിക അന്തസ്സും പരിഗണിച്ചാണ് കോടതിയുടെ പ്രത്യേക അധികാരം വിനിയോഗിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

ദുബൈയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് യുവാവും യുവതിയും പ്രണയത്തിലായത്. യുവാവിന്റെ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. തുടര്‍ന്ന് യുവാവിന്റെ ബീജം ഉപയോഗിച്ച് യുവതി 2012ല്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ കുട്ടിക്ക് ജന്മം നല്‍കി. വിവാഹിതര്‍ അല്ലാത്തതിനാല്‍ അന്നത്തെ സാഹചര്യത്തില്‍ സിംഗിള്‍ മദറായാണ് ജനന രജിസ്‌ട്രേഷന്‍ നടത്തിയത്. അതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല.

2018ല്‍ ഇരുവരും നിയമപരമായി വിവാഹിതരായി. വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ഉള്‍പ്പെടുത്തണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ചില അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയുടെ പിതൃത്വം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുടുംബ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കുടുംബ കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളില്‍ പിതാവിന്റെ പേര് ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പിന്നീട് പിതാവിന്റെ പേര് ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് അപേക്ഷ നിരസിക്കുകയായിരുന്നു.

Related Articles

Back to top button