മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ…. പോലീസ് നടപടികൾക്കുള്ള സാവകാശം നീട്ടി ഹൈക്കോടതി

കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പോലീസ് നടപടികൾക്കുള്ള സാവകാശം ഹൈക്കോടതി ജൂൺ 16 വരെ നീട്ടി. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. കൂടാതെ ജൂൺ 16 വരെ പെരുമ്പാവൂർ മുൻസിഫ് കോടതി ഈ വിഷയത്തിൽ മറ്റ് ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾ ഈ മാസം 9-നകം പൂർത്തിയാക്കണമെന്നായിരുന്നു പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ മുൻ ഉത്തരവ്. എന്നാൽ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മുൻസിഫ് കോടതി പ്രത്യേകം പുറപ്പെടുവിച്ച ഈ ഉത്തരവ് തടയണമെന്ന റൂറൽ എസ്പിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

സുപ്രീംകോടതി നിർദ്ദേശപ്രകാരം മെയ് 20-ന് രാവിലെയാണ് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികൾക്കായി അധികൃതർ എത്തിയത്. അഡ്വക്കേറ്റ് കമ്മീഷൻ ജയപാലിന്റെ നേതൃത്വത്തിൽ ആരംഭിച്ച നടപടി എട്ട് കുടുംബങ്ങളെയാണ് നേരിട്ട് ബാധിക്കുന്നത്. ഒഴിപ്പിക്കൽ ആരംഭിച്ചതോടെ നാട്ടുകാർ കനത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി. കുടിയൊഴിപ്പിക്കലിനെതിരെയുള്ള പ്രക്ഷോഭം ശക്തമായതോടെ പോലീസ് ഇടപെടുകയും ലാത്തിച്ചാർജ്ജ് നടത്തുകയും ചെയ്തു. പോലീസിന്റെ ക്രൂരമായ അതിക്രമത്തിൽ നിരവധി പ്രതിഷേധക്കാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിൽ മുൻപും പലതവണ കുടിയൊഴിപ്പിക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് അധികൃതർ പിന്മാറുകയായിരുന്നു. എന്നാൽ ഇത്തവണ ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ ഉറച്ചാണ് ഉദ്യോഗസ്ഥർ എത്തിയത്. സംഭവത്തിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച അമ്പതോളം പേർക്കെതിരെ തടിയിട്ടപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് നാട്ടുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ഹൈക്കോടതി ജൂൺ 16-ന് വീണ്ടും പരിഗണിക്കും.

Related Articles

Back to top button