ദില്ലിയിൽ ഹോട്ടലിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിലായി. ലോകേഷ് ബജാജ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇയാളുടെ വീടുകളടക്കം ഒന്നിലധികം സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹോട്ടലിന് ഫയർ സേഫ്റ്റി ക്ലിയറൻസ് ഉണ്ടായിരുന്നില്ലെന്നും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ കൂടുതൽ നിലകൾ നിർമിച്ചാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.സൗത്ത് ദില്ലിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലാണ് അഗ്നിക്കിരയായത്. ബുധനാഴ്ച രാവിലെ ആണ് സംഭവം. മരണപ്പെട്ടവരിൽ 18 പേർ വിദേശ പൗരന്മാരാണ്. ആഫ്രിക്കൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ പൗരന്മാരാണ് മരണപ്പെട്ടവരിൽ ഉൾപ്പെടുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം അതത് എംബസികളുമായി ബന്ധപ്പെട്ടുവരികയാണ്.



