കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ആര്?; എസ്ഐടി രൂപീകരിച്ച് സംസ്ഥാന സർക്കാർ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഇതിനായി ആഭ്യന്തര വകുപ്പ് എസ്ഐടി രൂപീകരിച്ചു. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനിടെയാണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത്. ഇതിന്റെ ഉറവിടം എവിടെ നിന്നാണ്?, എവിടെ നിന്നാണ് പ്രചരിച്ചത്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലക്ഷ്യമിട്ടാണ് ആഭ്യന്തര വകുപ്പ് എസ്ഐടിക്ക് രൂപം നൽകിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ കോഴിക്കോട് റൂറൽ പൊലീസ് കേസ് എടുത്ത് അന്വേഷിച്ചുവെങ്കിലും ഇതിന് പിന്നിൽ ആരാണ് എന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. കേസിൽ സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുള്ള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകി. ഇതിന് പിന്നാലെയാണ് എസ്ഐടി രൂപീകരിച്ചത്.
