ഓൺ ചെയ്തു നിർത്തിയിട്ട ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കയറി 4 വയസുകാരി, കളിക്കുന്നതിനിടെ മുന്നോട്ട് നീങ്ങി കിണറ്റിൽ വീണു

ഓൺ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് നാല് വയസ്സുകാരിക്ക് പരിക്ക്. തൃശൂരിൽ കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശി ബിന്നി-സീമ ദമ്പതികളുടെ മകൾ എൽസി എന്ന നാലുവയസ്സുകാരിയാണ് അപകടത്തിൽപ്പെട്ടത്. ചെറിയ പരിക്കുകളോടെ അത്ഭുതകരമായി കുട്ടി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം നടന്നത്. കുട്ടിയെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ അമ്മയുടെ പിതാവ് ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് വന്ന സമയത്താണ് അപകടം നടന്നത്.

വീട്ടിലെത്തിയ കുട്ടിയുടെ അമ്മയുടെ പിതാവ് ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാവി ഓഫ് ചെയ്യാൻ മറന്നിരുന്നു. ഈ സമയത്താണ് നാല് വയസ്സുകാരിയായ എൽസി ഓട്ടോറിക്ഷയിൽ കയറി കളിക്കാൻ തുടങ്ങിയത്. കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വാഹനത്തിന്റെ ആക്സിലേറ്റർ കൊടുത്തു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങുകയും വീടിന്റെ സൈഡിലുണ്ടായിരുന്ന കിണറ്റിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു. ഓട്ടോറിക്ഷയോടൊപ്പം കുട്ടിയും കിണറ്റിൽ അകപ്പെട്ടു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അയൽവാസി ഓടിയെത്തി കിണറ്റിൽ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ വിദഗ്ദ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് കുന്നംകുളം ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി കിണറ്റിൽ കിടക്കുന്ന ഓട്ടോറിക്ഷ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് സംഘം ആരംഭിച്ചിട്ടുണ്ട്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.

Related Articles

Back to top button