കുംഭമേള വൈറൽ താരത്തിന്റെ വിവാഹം…. യുവാവിന്റെ അറസ്റ്റ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി: കുംഭമേളയ്ക്കിടെ ചിത്രങ്ങളിലൂടെ വൈറലായ പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിന്റെ അറസ്റ്റ് കേരള ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. യുവാവും പെൺകുട്ടിയും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, തുടർനടപടികൾക്കായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ ഇരുവരോടും നിർദേശിച്ചിട്ടുണ്ട്.കുംഭമേളയിലൂടെ ശ്രദ്ധേയയായ പെൺകുട്ടിയും മുഹമ്മദ് ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാർച്ച് 11-നാണ് നടന്നത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹിതരായത്. എന്നാൽ ഇതിന് പിന്നാലെ ഫർമാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുക്കുകയായിരുന്നു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. പെൺകുട്ടിക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ല എന്നാണ് മധ്യപ്രദേശ് പോലീസിന്റെ വാദം. ഇതിനാൽ യുവാവ് പോക്‌സോ, പട്ടികജാതി പീഡന നിരോധന നിയമം എന്നിവ പ്രകാരമുള്ള ഗുരുതര കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. പെൺകുട്ടിയെ സംസ്ഥാന സർക്കാരിന്റെ സംരക്ഷണയിലേക്ക് മാറ്റുന്ന കാര്യമാണ് ആലോചിക്കുന്നതെന്നും മധ്യപ്രദേശ് പോലീസ് വ്യക്തമാക്കി.തനിക്ക് കൃത്യമായി പ്രായപൂർത്തിയായിട്ടുണ്ടെന്നും തന്റെ ഭാഗം കേൾക്കുക പോലും ചെയ്യാതെയാണ് ദേശീയ എസ്.സി കമ്മീഷൻ പ്രായം തെളിയിക്കുന്ന ശരിയായ രേഖകൾ റദ്ദാക്കിയതെന്നും പെൺകുട്ടിയും കോടതിയിൽ വാദിച്ചു. ഇതേതുടർന്നാണ് യുവാവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി താല്ക്കാലിക ആശ്വാസം നൽകിയത്.



