കെ ആർ മീരയ്‌ക്കെതിരെ വീണ്ടും കോപ്പിയടി ആരോപണം…. ‘മാഫിയ എഴുത്തുകാരി’യെന്ന് ജോഷി ജോസഫ്…. മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി: മലയാള സാഹിത്യലോകത്തെ പിടിച്ചുകുലുക്കി പ്രമുഖ എഴുത്തുകാരി കെ.ആർ മീരയ്‌ക്കെതിരെ വീണ്ടും കോപ്പിയടി ആരോപണം. ‘കലാച്ചി’ എന്ന നോവലിനെച്ചൊല്ലിയുള്ള വിവാദങ്ങൾ പുകയുന്നതിനിടെ, മീരയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി സംവിധായകൻ ജോഷി ജോസഫാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സൂര്യ മോഹന്റെ ‘ശിലീഭൂതം’ എന്ന കൃതിയുടെ പ്ലോട്ട് മോഷ്ടിച്ചാണ് കെ.ആർ മീര എല്ലാ വിധ പ്രണയവും എന്ന നോവൽ രചിച്ചതെന്നാണ് ജോഷി ജോസഫിന്റെ ആരോപണം.
‘ശിലീഭൂത’ത്തിന്റെ അവതാരിക എഴുതാൻ വേണ്ടിയാണ് കൃതി കെ.ആർ മീരയ്ക്ക് നൽകിയതെന്നും, എന്നാൽ ഒരു വർഷത്തിന് ശേഷം മീര സ്വന്തം പേരിൽ നോവൽ പുറത്തിറക്കുകയാണ് ചെയ്തതെന്നും ജോഷി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിക്ക് അയച്ച തുറന്ന ശബ്ദരേഖയിലാണ് ജോഷി ജോസഫ് ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കെ.ആർ മീരയെ ‘മാഫിയ എഴുത്തുകാരി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സാഹിത്യത്തിലെ സീരിയൽ പ്ലോട്ട് ചോരണം തടയാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു. മലയാള സാഹിത്യത്തിൽ പ്ലോട്ടുകൾ മോഷ്ടിക്കുന്ന വലിയൊരു കോപ്പിയടി മാഫിയ സജീവമാണെന്ന് കാണിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും ജോഷി ജോസഫ് പരാതി നൽകിയിട്ടുണ്ട്. കെ.ആർ മീരയുടെ പ്രശസ്ത നോവലായ ‘ആരാച്ചാർ’ തന്റെ ഡോക്യുമെന്ററിയിൽ നിന്ന് മോഷ്ടിച്ചതാണെന്നും, കോപ്പിയടി പരിശോധിക്കുന്ന ആപ്പിലിട്ടാൽ മീരയുടെ 90 ശതമാനം സാഹിത്യവും റദ്ദായിപ്പോകുമെന്നും ജോഷി ജോസഫ് പരിഹസിച്ചു.
അതേസമയം, കെ.ആർ മീരയുടെ ‘കലാച്ചി’ എന്ന നോവലും ഹരിത സാവിത്രിയുടെ അവാർഡ് നേടിയ ‘സിൻ’ എന്ന നോവലും തമ്മിലുള്ള സാമ്യതയെച്ചൊല്ലിയുള്ള തർക്കം സാഹിത്യലോകത്ത് ഇപ്പോഴും സജീവമാണ്. ലോകമെങ്ങുമുള്ള സാഹിത്യ മോഷ്ടാക്കൾ ചെയ്യുന്നത് കഥാപാത്രങ്ങളുടെ പേരും കാലവും ലിംഗവും മാറ്റുകയാണെന്ന് ഹരിത സാവിത്രി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തന്റെ പുസ്തകം ആരും കോപ്പി പേസ്റ്റ് ചെയ്തിട്ടില്ലെങ്കിലും അടിസ്ഥാനപരമായ സാമ്യങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ഹരിത ചൂണ്ടിക്കാട്ടി. കാമുകനെ തേടി വിദേശത്തെ സംഘർഷ മേഖലയിലെത്തുന്ന യുവതിയുടെ കഥയാണ് ഇരു നോവലുകളുടെയും ഇതിവൃത്തം. (കലാച്ചി കസാക്കിസ്ഥാനിലെ കഥ പറയുമ്പോൾ, സിൻ കൂർദിസ്ഥാനിലെ കഥയാണ് പശ്ചാത്തലമാക്കുന്നത്).
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് കെ.ആർ മീരയും രംഗത്തെത്തിയിരുന്നു. 2025-ലാണ് ‘കലാച്ചി’ പുസ്തക രൂപത്തിൽ ഇറങ്ങിയതെങ്കിലും 2020 നവംബർ 16 മുതൽ ഇത് ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നുവെന്നും പലരും ഇത് ബോധപൂർവ്വം മറച്ചുവെക്കുകയാണെന്നും മീര പറഞ്ഞു. 2020-ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ നോവൽ എങ്ങനെയാണ് 2022-ൽ പുറത്തിറങ്ങിയ ‘സിൻ’ എന്ന പുസ്തകത്തിൽ നിന്ന് കോപ്പിയടിക്കുക എന്ന് വായനക്കാർ ചിന്തിക്കണമെന്നും മീര കുറിച്ചു. മീരയുടെ വിശദീകരണത്തിന് മറുപടിയുമായി ഹരിത വീണ്ടും രംഗത്തെത്തി. 2020-ൽ ‘കലാച്ചി’യുടെ വെറും ആറ് അധ്യായങ്ങൾ മാത്രമാണ് വെബ്‌സീനിൽ വന്നതെന്നും, ഈ സത്യം മറച്ചുവെച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും പേരെടുത്ത് പറയാതെ ഹരിത ചോദിച്ചു. 2022-ൽ പുറത്തിറങ്ങിയ ഹരിതയുടെ ‘സിൻ’ കേരള സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ കൃതിയാണ്. എഴുത്തുകാർ തമ്മിലുള്ള ഈ വാക്പോരിലേക്കാണ് ഇപ്പോൾ പുതിയ കോപ്പിയടി ആരോപണങ്ങളുമായി സംവിധായകൻ ജോഷി ജോസഫും കടന്നുവന്നിരിക്കുന്നത്.



