അച്ഛൻ ഹെല്‍മെറ്റ് വയ്ക്കുന്നത് അനുകരിച്ചു, ഒന്നര വയസുകാരന്‍റെ തലയിൽ കുടുങ്ങിയത് സ്റ്റീൽ പാത്രം

പിതാവ് തലയിൽ ഹെൽമെറ്റ് വയ്ക്കുന്നത് അനുകരിച്ച ഒന്നര വയസുകാരൻറെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. കോഴിക്കോട് മുക്കം കൊടിയത്തൂരിലാണ് ആശങ്കയുണർത്തിയ സംഭവം നടന്നത്. കുങ്ങഞ്ചേരി വീട്ടിൽ മുർഷിദിൻറെ മകൻ കളിക്കുന്നതിനിടെ സ്റ്റീൽ പാത്രം തലയിൽ കുടുങ്ങുകയായിരുന്നു. മുർഷിദ് ബൈക്ക് ഉപയോഗിക്കുന്ന സമയങ്ങളിൽ ഹെൽമെറ്റ് ധരിക്കുന്നത് കുട്ടികൾ അനുകരിക്കാറുണ്ടായിരുന്നു. ഹെൽമെറ്റിന് പകരമായി പ്ലാസ്റ്റിക് പാത്രം ആണ് കുട്ടികൾ കളിക്കാനായി ഉപയോഗിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ സ്റ്റീൽ പാത്രം എടുത്ത് തലയിൽ വെക്കുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി പാത്രം തലയിൽ നിന്ന് ഊരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ കുട്ടിയെയുമെടുത്ത് രക്ഷിതാക്കൾ മുക്കം അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചേർന്നു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സി. മനോജിൻറെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ പി ടി ശ്രീജേഷ്, മുഹമ്മദ് ഷനീബ്, എം. നിസാമുദ്ദീൻ, കെ.എം ജിഗേഷ്, കെ.എസ് ശരത്, അനു മാത്യു, എം.കെ അജിൻ, കെ.എസ് വിജയകുമാർ, പി.കെ രാജൻ എന്നിവർ ചേർന്ന് മുക്കാൽ മണിക്കൂർ നേരത്തെ പരിശ്രമത്തിനുശേഷം കുട്ടിയുടെ തലയിൽ നിന്ന് സ്റ്റീൽ പാത്രം മുറിച്ചു മാറ്റുകയായിരുന്നു.



