ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’ ആഭ്യന്തര മന്ത്രി ഉറപ്പിച്ച് തന്നെ…

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തിലെ വകുപ്പ് തല നടപടി വിശദീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എസ് ഐ ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഡി ജി പി നടപടി സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഗൺമാൻമാർ അടക്കമുള്ള 5 പേരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറക്കിയത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശമില്ല. എന്നാൽ വിശദമായ റിപ്പോർട്ടിൽ അജിത് കുമാറിന്‍റെ പേര് വന്നാൽ നടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ‘രക്ഷാ പ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച ആലപ്പുഴ സംഭവത്തിൽ, ആദ്യത്തെ കേസ് ഡയറി തിരുത്തിയതിൽ അജിത് കുമാറിന് പങ്കുണ്ടെന്നാണ് ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എ ഡി ജി പി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തല പ്രതികരിച്ചത്.



