നാലുദിവസത്തിനകം കേരളത്തിൽ കാലവർഷമെത്തും; മഴക്കുറവ് ആശങ്കയാകുന്നു

അടുത്ത നാലുദിവസത്തിനകം തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഇത്തവണ സംസ്ഥാനത്തും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാധാരണയെ അപേക്ഷിച്ച് മഴ കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു. രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രമേ ലഭിക്കൂവെന്നാണ് നിലവിലെ പ്രവചനം. പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനില ഉയരുന്നതിലൂടെ രൂപപ്പെടുന്ന എൽ നിനോ പ്രതിഭാസം കാലവർഷത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.



