ഇനി ഡിജിറ്റൽ ലോകത്തും കുട്ടികൾക്ക് കാവൽ…. ജൂൺ 2-ന് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾ ‘സൈബർ സുരക്ഷാ പ്രതിജ്ഞ’ ചൊല്ലും

തിരുവനന്തപുരം: ഇന്റർനെറ്റ് ലോകത്തെ കെണികളിൽ നിന്നും സൈബർ ഭീഷണികളിൽ നിന്നും സ്കൂൾ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനായി കേരള പോലീസ് ഒരുക്കുന്ന അതിനൂതന പദ്ധതിക്ക് ഈ അധ്യയന വർഷം തുടക്കമാവുന്നു. കേരള പോലീസിന്റെ സൈബർ വിംഗായ ‘സൈബർ ഡോം’ നടപ്പിലാക്കുന്ന ‘കിഡ് ഗ്ലൗ’ പ്രൊജക്റ്റിന്റെ ഭാഗമായി പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ 2-ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികൾ പ്രത്യേക സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ 15,402-ലധികം വിദ്യാലയങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് സ്കൂൾ തുറക്കുന്ന ഒന്നാം ദിവസം തന്നെ ഈ പ്രതിജ്ഞയുടെ ഭാഗമാകുന്നത്. സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഡിജിറ്റൽ ജീവിതം നയിക്കുമെന്ന് ഉറപ്പുനൽകുന്നതാണ് ഈ ‘സൈബർ പ്രതിജ്ഞ’. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗം കുട്ടികളിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം ചെറുപ്പത്തിൽ തന്നെ വളർത്തുന്നതിനാണ് പോലീസ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ചതിക്കുഴികളിൽ വീഴാതെ സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഈ പ്രവർത്തനം സഹായിക്കും.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലാണ് ജൂൺ 2-ന് ഈ പദ്ധതിക്ക് തുടക്കമിടുന്നത്. ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ മുഴുവൻ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലേക്കും കിഡ് ഗ്ലൗ പദ്ധതിയും സൈബർ പ്രതിജ്ഞയും വ്യാപിപ്പിക്കും. ഇതിനായുള്ള ഔദ്യോഗിക നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് മികച്ച സ്വയംരക്ഷാ കവചമൊരുക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button