കർണാടകയിൽ ഡി.കെ. ശിവകുമാർ സർക്കാർ ബുധനാഴ്ച അധികാരമേൽക്കും…. രണ്ട് ഉപമുഖ്യമന്ത്രിമാർ…. ആദ്യഘട്ടത്തിൽ 10 മന്ത്രിമാർ

കർണാടകയിൽ രാഷ്ട്രീയ നേതൃമാറ്റത്തിന് ഔദ്യോഗികമായി തുടക്കമായി. സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ വരുന്ന ബുധനാഴ്ച അധികാരമേൽക്കും. ശിവകുമാറിനൊപ്പം പത്ത് മന്ത്രിമാരും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഡി.കെ. ശിവകുമാർ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി.
സത്യപ്രതിജ്ഞയ്ക്കായി ജൂൺ 3, ജൂൺ 5 എന്നീ രണ്ട് തീയതികളാണ് ഗവർണർക്ക് മുന്നിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിൽ ബുധനാഴ്ച ചടങ്ങുകൾ നടത്താനാണ് സാധ്യത കൂടുതൽ. വിധാൻസൗധയിലോ ലോക്ഭവനിലോ വെച്ചാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുകയെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകും. ദളിത്, ലിങ്കായത്ത് വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കളെയാണ് ഉപമുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുന്നത്.
എം.ബി. പാട്ടീൽ, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാർഗെ, ഈശ്വർ ഖാന്ദ്രേ, കൃഷ്ണ ബൈരെ ഗൗഡ, സതീഷ് ജാർക്കിഹോളി, ഡോ. യതീന്ദ്ര സിദ്ധരാമയ്യ എന്നിവരുൾപ്പെടെയുള്ള പത്തംഗ സംഘമാകും ആദ്യഘട്ടത്തിൽ ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുക. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി മന്ത്രിസഭാ വികസനമുണ്ടാകൂ. നിലവിലെ മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ് ഇത്തവണ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള മാറ്റത്തിൽ മുതിർന്ന നേതാവ് സിദ്ധരാമയ്യയെ പൂർണ്ണമായും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം. രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും നടത്തിയ ചർച്ചയിൽ തന്റെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ നൽകണമെന്ന നിബന്ധന സിദ്ധരാമയ്യ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് ഹൈക്കമാൻഡ് അംഗീകരിച്ചതായാണ് വിവരം.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കർണാടകയുടെ ചുമതലയുള്ള രൺദീപ് സിംഗ് സുർജ്ജേവാലയും യോഗത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിലെത്തിയിട്ടുണ്ട്.



