കുടുംബത്തിന് 25 ലക്ഷത്തിന്റെ ജീവൻ രക്ഷാ കവചം….. ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’

തിരുവനന്തപുരം: യുഡിഎഫ് മുന്നോട്ടുവെച്ച ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് യാഥാർത്ഥ്യമാക്കിക്കൊണ്ട്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് ഈ മെഗാ പദ്ധതി സഭയെ അറിയിച്ചത്. പുതിയ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവർഷം 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ കവറേജ് ലഭ്യമാകും.

കേരളത്തിന്റെ ആരോഗ്യ ചരിത്രത്തിൽ സാധാരണക്കാരുടെ കണ്ണീരൊപ്പിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ‘കാരുണ്യ’ പദ്ധതിയുടെ സ്മരണകളെ വീണ്ടെടുത്തു കൊണ്ടാണ് പുതിയ ഇൻഷുറൻസ് പദ്ധതിക്ക് യുഡിഎഫ് രൂപം നൽകിയിരിക്കുന്നത്. മധ്യവർഗ-ദരിദ്ര കുടുംബങ്ങൾക്ക് അപ്രതീക്ഷിതമായുണ്ടാകുന്ന ഭീമമായ ചികിത്സാച്ചെലവുകളിൽ നിന്ന് വലിയൊരു ജീവൻ രക്ഷാ കവചമായി ഈ പദ്ധതി മാറും. നിലവിലുള്ള പല സർക്കാർ ഇൻഷുറൻസ് പദ്ധതികളും സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കോ ദീർഘകാല ചികിത്സകൾക്കോ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് 25 ലക്ഷം രൂപയുടെ ഈ വൻ കവറേജ് വരുന്നത്.

സ്വകാര്യ ആശുപത്രികളിലെ ചെലവേറിയ പരിശോധനകൾ, ഐസിയു സൗകര്യങ്ങൾ, കാൻസർ, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങളുടെ ചികിത്സ എന്നിവയെല്ലാം ഈ ഒറ്റ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാൻ സർക്കാർ ലക്ഷ്യമിടുന്നു. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ഇനി ചികിത്സ നിഷേധിക്കപ്പെടില്ലെന്ന ഉറപ്പാണ് സർക്കാർ നൽകുന്നത്. ജനങ്ങൾക്ക് ഇത്രയും വലിയ തുകയുടെ ഇൻഷുറൻസ് പരിരക്ഷ നൽകണമെങ്കിൽ ഇൻഷുറൻസ് കമ്പനികൾക്ക് സർക്കാർ കോടിക്കണക്കിന് രൂപ പ്രീമിയം ഇനത്തിൽ കൃത്യമായി അടയ്ക്കേണ്ടതുണ്ട്. എന്നാൽ പദ്ധതി എന്നു മുതൽ പ്രാബല്യത്തിൽ വരും, ഇത് എങ്ങനെ നടപ്പിലാക്കും തുടങ്ങിയ കാര്യങ്ങളിൽ നയപ്രഖ്യാപനത്തിൽ കൃത്യമായ വിശദീകരണമില്ല. നിലവിലുള്ള കാരുണ്യ പദ്ധതി പരിഷ്കരിക്കുകയാണോ, അതോ മറ്റ് ഇൻഷുറൻസ് പദ്ധതികളെ ഇതിലേക്ക് സംയോജിപ്പിക്കുകയാണോ ചെയ്യുകയെന്ന് വരും ദിവസങ്ങളിലേ വ്യക്തമാകൂ. സാമ്പത്തിക ഭേദമന്യേ സംസ്ഥാനത്തെ എല്ലാവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമോ എന്ന കാര്യത്തിലും വരുംദിനങ്ങളിൽ ഔദ്യോഗിക വിശദീകരണമുണ്ടാകും.

Related Articles

Back to top button