‘ജനങ്ങൾക്ക് ഇനി ഡിഎംകെയും എഐഎഡിഎംകെയും വേണ്ട, എന്റെ പേരക്കുട്ടിയും വിജയ്ക്കാണ് വോട്ട് ചെയ്തത്’….. നടൻ ശിവകുമാറിന്റെ തുറന്നുപറച്ചിൽ

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ദ്രാവിഡ പാർട്ടികളുടെ 60 വർഷത്തെ അപ്രമാദിത്യം തകർത്തെറിഞ്ഞ് നടൻ വിജയ് മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയതിന്റെ ഞെട്ടലിലാണ് ദക്ഷിണേന്ത്യൻ രാഷ്ട്രീയം. വിജയ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പലരും പ്രവചിച്ചിരുന്നുവെങ്കിലും ആദ്യ പോരാട്ടത്തിൽ തന്നെ തനിച്ച് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ദളപതിയുടെ ‘തമിഴക വെട്രി കഴകം’ നേടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും കരുതിയിരുന്നില്ല. വിജയ്യുടെ ഈ അവിശ്വസനീയ വിജയത്തോടെ ചലച്ചിത്രരംഗത്തെ സഹപ്രവർത്തകരെല്ലാം ഇപ്പോൾ വലിയ ചോദ്യങ്ങളെയാണ് നേരിടുന്നത്.
ഇപ്പൊഴിതാ, തമിഴ് സിനിമയിലെ മുതിർന്ന നടനും സൂപ്പർതാരങ്ങളായ സൂര്യ, കാർത്തി എന്നിവരുടെ പിതാവുമായ ശിവകുമാർ വിജയ്യുടെ ഈ അട്ടിമറി വിജയത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകളാണ് തമിഴ്നാട്ടിൽ വലിയ ചർച്ചയായിരിക്കുന്നത്. കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ശിവകുമാറിന്റെ വാക്കുകൾ. വോട്ട് ചെയ്തവരിൽ 90 ശതമാനവും യുവാക്കളാണെന്നും അവർ ആരിൽ നിന്നും പണം വാങ്ങാതെയാണ് വിജയ്യെ പിന്തുണച്ചതെന്നും ശിവകുമാർ വെളിപ്പെടുത്തി. “എന്റെ സ്വന്തം പേരക്കുട്ടി (നടൻ സൂര്യയുടെ മകൻ) പോലും വിജയ്ക്കാണ് വോട്ട് ചെയ്തത്. അവരാണ് ഈ നാടിന്റെ ഭാവി. ജനങ്ങൾക്ക് മാറ്റം വേണമായിരുന്നു, അവർ പുതിയ നേതാവിനെ തിരഞ്ഞെടുത്തു. വിജയ് ജനങ്ങൾക്ക് നല്ലത് ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഈ വിജയത്തിൽ എനിക്ക് സന്തോഷമുണ്ട്,” ശിവകുമാർ കൂട്ടിച്ചേർത്തു.
ശിവകുമാർ ഈ പ്രസ്താവന നടത്തുമ്പോൾ കടുത്ത ഡി.എം.കെ. അനുഭാവിയായ മുതിർന്ന നടൻ സത്യരാജും തൊട്ടടുത്ത് ഒപ്പമുണ്ടായിരുന്നു എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ കൗതുകമുണർത്തിയിട്ടുണ്ട്. ഡി.എം.കെ.യുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ മുഖങ്ങളിലൊന്നായിരുന്നു സത്യരാജ്. പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി താൻ ദ്രാവിഡ മാതൃകയിലുള്ള സർക്കാരിന്റെയും മുത്തുവേൽ കരുണാനിധി സ്റ്റാലിന്റെയും അനുഭാവിയാണെന്നും, ഡി.എം.കെ.യോടുള്ള തന്റെ പിന്തുണ വരുംകാലങ്ങളിലും കൂടുതൽ ശക്തമായി തുടരുമെന്നും സത്യരാജ് ഈ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മറ്റൊരു രസകരമായ കാര്യം, സത്യരാജിന്റെ മകനും നടനുമായ സിബി സത്യരാജ് വിജയ്യുടെ കടുത്ത ആരാധകനാണ് എന്നതാണ്. തിരഞ്ഞെടുപ്പിൽ വിജയ് വൻ വിജയം നേടി മുഖ്യമന്ത്രിയായതിന് പിന്നാലെ സിബി സത്യരാജ് വിജയ്യെ നേരിൽ കണ്ട് അഭിനന്ദനങ്ങളും അറിയിച്ചിരുന്നു.



