പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനെതിരെ ഡൽഹിയിലും ശക്തമായ പ്രതിഷേധം; എംഎ ബേബി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: പിണറായി വിജയൻറെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനെതിരെ ഡൽഹിയിലും ശക്തമായ പ്രതിഷേധം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേയ്ക്ക് സിപിഎം സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത ജനറൽ സെക്രട്ടറി എം.എ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നാരോപിച്ച സിപിഎം നേതാക്കൾ, ഇഡി നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പും നൽകി.
ബിജു കൃഷ്ണൻ, ബൃന്ദ കാരാട്ട്, കൃഷ്ണപ്രസാദ്, അശോക് ധാവളെ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത പ്രതിഷേധ മാർച്ച് ഇഡി ഓഫീസിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പൊലീസ് തടയുകയും നേതാക്കളെ ബലം പ്രയോഗിച്ച് വാഹനങ്ങളിലേയ്ക്ക് പിടിച്ചുകയറ്റുകയുമായിരുന്നു.




