ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുംവഴി കാർ മരത്തിലിടിച്ചു

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങിയ വൃദ്ധ വാഹനാപകടത്തിൽ മരിച്ചു. എടത്വാ ഒലക്കപാടിൽ പരേതനായ തോമസിന്റെ ഭാര്യ പി സി ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് എടത്വ-തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാർജ് ചെയ്ത ശേഷം മകനും ബന്ധുവും ചേർന്ന് കാറിൽ വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. മകൻ റോൺസി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എടത്വ പൊലീസ് സ്ഥലത്തെത്തി ഏലിക്കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ ഓടിച്ചിരുന്ന റോൺസിക്കും ബന്ധുവായ ഒലക്കപാടിൽ ലാലിച്ചന്റെ മകൻ ലിജിനും കൈകാലുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button