കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പുനൽകി ആരോ​ഗ്യ മന്ത്രി

നീണ്ട നാളത്തെ കാത്തിരിപ്പിനും സമരത്തിനും ശേഷം ഹർഷിനയ്ക്ക് ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, സർക്കാർ ആശുപത്രിയിൽ ജോലി നൽകുമെന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി ഉറപ്പുനൽകി. കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വർഷങ്ങെളോളം നിയമപോരാട്ടം നടത്തിയിരുന്നു. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കണ്ടു നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഹർഷിനയുടെ ആവശ്യങ്ങൾ അം​ഗീകരിച്ചത്.

ജോലി നിയമന ഉത്തരവ് ഇന്ന് തന്നെ ലഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ വ്യക്തമാക്കി. നീണ്ട നാളത്തെ കാത്തിരിപ്പിനും സമരത്തിനും ശേഷം ലഭിച്ച ഈ നീതിയിൽ വലിയ പ്രതീക്ഷയിലാണ് ഹർഷിനയും കുടുംബവും.

മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ സമരസമിതി നേതാക്കൾക്കൊപ്പം ടി. സിദ്ദിഖ് എംഎൽഎയും ഉണ്ടായിരുന്നു. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശ്വാസകരമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനൽകി. മുൻ സർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, തുടർചികിത്സയ്ക്കായി വന്ന ഭീമമായ ചെലവ് കണക്കിലെടുത്ത് ഹർഷിന അത് സ്വീകരിച്ചിരുന്നില്ല.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ കടുത്ത അസ്വസ്ഥതകളെത്തുടർന്ന് നടത്തിയ പരിശോധനയിൽ 2022 സെപ്റ്റംബർ 17ന് മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഈ കത്രിക പുറത്തെടുത്തത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ, രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ അവ്യക്തതകൾ നിലനിന്നെങ്കിലും, ശാസ്ത്രീയ പരിശോധനകളിലൂടെ കത്രിക മെഡിക്കൽ കോളജിൽ നിന്നാണ് വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത് കേസിൽ നിർണായകമായി.

Related Articles

Back to top button