വൻ സുരക്ഷാവീഴ്ച; പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന പാതയ്ക്ക് സമീപം സ്ഫോടക വസ്തുക്കൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന പാതയ്ക്ക് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തി. സുരക്ഷാവീഴ്ച വരുത്തിയതിന് ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കർണാടകയിൽ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ പാതയ്ക്ക് സമീപത്താണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. സുരക്ഷാവീഴ്ചയുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബെംഗളൂരു സൗത്ത് എസ്പി ആർ. ശ്രീനിവാസ് ഗൗഡ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. എന്നാൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

മേയ് 10നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള കുപ്പറെഡ്ഡി കെരെക്ക് സമീപത്തുനിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് ഒന്നര മണിക്കൂർ മുമ്പ് ഒരു കോൺസ്റ്റബിളാണ് പ്രധാന റോഡിൽ നിന്നും 25 അടി മാറി ഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ മതിലിനോട് ചേർന്ന് സംശയാസ്പദമായ കാർട്ടൻ ബോക്സ് കണ്ടെത്തിയത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ, തീപ്പെട്ടി, കർപ്പൂരം, ബാറ്ററികൾ, കണക്റ്റിങ് വയറുകൾ, ഒരു റിയൽ ടൈം ക്ലോക്ക്, എൽസിഡി ഡിസ്പ്ലേ എന്നിവയാണ് കാർട്ടൻ ബോക്സിനുള്ളിൽ ഉണ്ടായിരുന്നത്.

ആദ്യഘട്ടത്തിൽ രണ്ട് ജലാറ്റിൻ സ്റ്റിക്കുകളും തീപ്പെട്ടിയും മാത്രമാണ് കണ്ടെത്തിയതെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് എൻഐഎ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ബോക്സിലുണ്ടായിരുന്ന മറ്റ് വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ എൻഐഎ, ഐബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കും കർണാടകയിലെ അതിർത്തി ജില്ലകളിലേക്കും പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചെങ്കിലും ഇതുവരെയും കേസിൽ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

അതേസമയം, കണ്ടെടുത്ത വസ്തുക്കളിൽ നിന്നും യാതൊരുവിധത്തിലുള്ള സുരക്ഷാഭീഷണിയും ഉണ്ടായിരുന്നില്ലെന്ന് ഫോറൻസിക് ലാബ് റിപ്പോർട്ടിൽ പറയുന്നു. കാർട്ടൻ ബോക്സിലുണ്ടായിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾക്ക് മൂന്ന് വർഷത്തോളം പഴക്കമുണ്ടായിരുന്നുവെന്നും ടൈമർ പ്രവർത്തനരഹിതമായിരുന്നുവെന്നും ബോക്സിൽ ഡിറ്റണേറ്റർ ഉണ്ടായിരുന്നില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Related Articles

Back to top button