‘ഇവൻറെ കാര്യം ഞാനേറ്റു! നീ അവരോട് ചെന്ന് കാര്യം പറ’; പൂച്ചകളുടെ കരുതലിൽ മൂർഖൻറെ കടിയിൽ നിന്നും രക്ഷപ്പെട്ടത്..

സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള അപകടം സ്ഥിരം വാർത്തയാകുന്നതിനിടെ പാമ്പ് കടിയിൽ നിന്നും ഒരു കുടുംബത്തെ രക്ഷിച്ച് വളർത്തുപൂച്ചകൾ. വടകര മന്തരത്തൂർ സ്വദേശിനിയായ കുഴിച്ചാലിൽ സുനിതയുടെ വീട്ടിൽ വളർത്തുന്ന പൂച്ചകാളാണ് വീട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ താരങ്ങളായി മാറിയത്. വീടിനുള്ളിൽ കയറിയ മൂർഖൻറെ കടിയേൽക്കാതെ ഇവർ വീട്ടുകാരെ രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏവരെയും അതിശയിപ്പിച്ച സംഭവങ്ങൾ നടന്നത്. സുനിത വസ്ത്രങ്ങൾ അലക്കുന്നതിനായി വീടിന് പുറത്തിറങ്ങിയിരുന്നു. വീട്ടിൽ ആളനക്കമില്ലാത്ത സമയത്ത് മൂർഖൻ പാമ്പ് അടുക്കള ഭാഗത്തേക്ക് കയറുകയും ഗാസ് സിലിണ്ടറിന് സമീപം നിലയുറപ്പിക്കുകയും ചെയ്തു.

ഇത് ശ്രദ്ധയിൽപ്പെട്ട പൂച്ചകൾ പാമ്പിനെ വിടാതെ പിൻതുടർന്നു. പിന്നീട് ഒരു പൂച്ച പാമ്പിന് സമീപത്ത് തന്നെ നിരീക്ഷിച്ച് നിൽക്കുകയും അടുത്ത പൂച്ച സുനിതയുടെ സമീപത്തെത്തി അസ്വാഭാവികമായി പെരുമാറുകയും ചെയ്തു. തുടർന്ന് സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ വലിയ മൂർഖൻ പാമ്പിനെ കണ്ടത്. ഉടൻ തന്നെ അടുത്തുള്ളവരെയും വാർഡ് മെംബറെയും വിവരം അറിയിച്ചു. പിന്നീട് സ്‌നേക്ക് റസ്‌ക്യൂവർ മുതുവന സ്വദേശി അമീർ സ്ഥലത്തെത്തി പാമ്പിനെ പിടിക്കുകയും ചെയ്തു. വളർത്തുപൂച്ചകളുടെ ജാഗ്രതയിൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണ് സുനിതയും കുടുംബവും ഇപ്പോൾ.

Related Articles

Back to top button