കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര വന്നാലും ഒന്നാം തീയതി ശമ്പളവും പെൻഷനും ഉറപ്പ്….. ആശങ്ക വേണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയാലും ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യമായി ഒന്നാം തീയതി തന്നെ വിതരണം ചെയ്യുമെന്ന് ഉറപ്പുനൽകി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കോർപ്പറേഷന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ജീവനക്കാരുടെ ആനുകൂല്യങ്ങളെ ബാധിക്കുമെന്ന ആശങ്കകൾ പൂർണ്ണമായി തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. ജീവനക്കാരുടെ പെൻഷനും ശമ്പളവും തമ്മിൽ നിലവിൽ സാമ്പത്തികമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സൗജന്യ യാത്ര എന്നത് സർക്കാരിന്റെ പ്രഖ്യാപിത പദ്ധതിയാണെന്നും അത് നടപ്പിലാക്കാൻ വ്യക്തമായ പ്ലാനും ബജറ്റ് വിഹിതവും സർക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് സർക്കാർ ആദ്യ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനപ്രകാരം ജൂൺ 15 മുതൽ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ പദ്ധതി കെ.എസ്.ആർ.ടി.സിയെ കൂടുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. മുഴുവൻ ബസുകളിലും നടപ്പാക്കിയാൽ: പ്രതിമാസം 112 കോടി രൂപയുടെ അധിക നഷ്ടം. ഓർഡിനറി ബസുകളിൽ മാത്രം ഒതുക്കിയാൽ: പ്രതിമാസം 57 കോടി രൂപയുടെ നഷ്ടം. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ: പ്രതിമാസം 65 കോടി രൂപയുടെ നഷ്ടം വരും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിരാ ഗ്യാരണ്ടി’യുടെ ഭാഗമായാണ് സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചത്. വലിയ തുകയുടെ പ്രതിമാസ ബാധ്യത വരുത്തിവെക്കുന്ന പദ്ധതിയാണിതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജീവനക്കാർക്കിടയിൽ ശമ്പളം മുടങ്ങുമോ എന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിമർശനങ്ങൾക്കും ജീവനക്കാരുടെ ആശങ്കകൾക്കും കൃത്യമായ മറുപടി നൽകി പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

Related Articles

Back to top button