മയക്കുമരുന്നിനെതിരെ ‘ഓപ്പറേഷൻ തുഫാൻ’…. ജൂൺ 1 മുതൽ നാർക്കോ ഹണ്ട് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയെയും ലഹരി വ്യാപനത്തെയും അടിച്ചമർത്താൻ ലക്ഷ്യമിട്ട് പുതിയ കർമപദ്ധതിയുമായി ആഭ്യന്തര വകുപ്പ്. ‘ഓപ്പറേഷൻ തുഫാൻ – ദ നാർക്കോ ഹണ്ട്’ (Operation Toofaan – The Narco Hunt) എന്ന പേരിൽ ജൂൺ ഒന്നാം തീയതി മുതൽ വൻതോതിലുള്ള ലഹരിവിരുദ്ധ വേട്ട ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുമെന്നും ലഹരി കടത്തിന്റെ അന്തർസംസ്ഥാന ശൃംഖലകൾ തകർക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി നേരിട്ട് ബന്ധപ്പെട്ട് സംയുക്ത നീക്കം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതിയ തലമുറയെ ലക്ഷ്യമിട്ടെത്തുന്ന മാരക ലഹരിവസ്തുക്കൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വിപണിയിൽ വർദ്ധിച്ചുവരുന്ന കെമിക്കൽ ലഹരിവസ്തുക്കൾ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിപണനവും വിതരണവും പൂർണ്ണമായി അവസാനിപ്പിക്കും. വിദ്യാലയങ്ങളെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളും മറ്റ് ലഹരിവസ്തുക്കളും വിൽക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കും. ലഹരിവേട്ടയ്ക്ക് പുറമെ കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളുടെയും പ്രവർത്തന ശൈലിയിൽ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു.

പോലീസ് സ്റ്റേഷനുകളുടെ ദൈനംദിന ചുമതലകൾ സബ് ഇൻസ്‌പെക്ടർമാർക്ക് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രായോഗിക പഠനം നടത്താൻ മന്ത്രി നിർദ്ദേശം നൽകി. പോലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് ഇതിന്റെ പഠനച്ചുമതല നൽകിയിരിക്കുന്നത്. എഡിജിപി സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം ഈ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Articles

Back to top button