മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ്; സബ്സ്ക്രിപ്ഷന്റെ പേരിൽ പണപ്പിരിവും

മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ്. സബ്സ്ക്രിപ്ഷൻ എന്ന പേരിൽ മാസം 89 രൂപ ഈടാക്കുന്നതായും കണ്ടെത്തി. ‘ചീഫ് മിനിസ്റ്റർ വിഡിഎസ്’ എന്ന പേരിലുള്ള പേജാണ് ഉപയോക്താക്കളിൽ നിന്ന് പണം ആവശ്യപ്പെടുന്നത്. ഏകദേശം 5.89 ലക്ഷം ഫോളോവേഴ്സാണ് ഈ പേജിലുള്ളത്. ഇവരിൽ എത്ര പേർ പണം നൽകി അംഗങ്ങളായിട്ടുണ്ടെന്ന വിവരം മറച്ചുവെച്ചിരിക്കുകയാണ്.

ഫെയ്സ്ബുക്കിൽ വി.ഡി. സതീശൻ എന്ന് തിരയുമ്പോൾ നിരവധി അക്കൗണ്ടുകളും പേജുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അവയിൽ ഒന്നാണ് സബ്സ്ക്രിപ്ഷൻ സംവിധാനത്തോടെ പ്രവർത്തിക്കുന്നത്. ഇത്രയും വലിയ ഫോളോവർ അടിസ്ഥാനമുള്ള പേജിൽ നിരവധി പേർ സബ്സ്ക്രിപ്ഷൻ എടുത്തിട്ടുണ്ടാകാമെന്നാണ് സൈബർ വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ പൊതുജനങ്ങൾ ഇത്തരം പേജുകളോട് ജാഗ്രത പാലിക്കണമെന്നും അവർ നിർദേശിക്കുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ പേരിൽ ഔദ്യോഗികമായി വെരിഫൈ ചെയ്ത ഫെയ്സ്ബുക്ക് പേജ് ഒരെണ്ണം മാത്രമാണുള്ളതെന്നും പണം നൽകി സബ്സ്ക്രൈബ് ചെയ്യാൻ ആവശ്യപ്പെടുന്ന മറ്റ് പേജുകൾ വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

സാധാരണയായി സിനിമാതാരങ്ങളും മറ്റ് സെലിബ്രിറ്റികളുമാണ് ഫെയ്സ്ബുക്കിൽ സബ്സ്ക്രിപ്ഷൻ സംവിധാനം ഉപയോഗിക്കുന്നത്. സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രമായി പ്രത്യേക പോസ്റ്റുകളും ഉള്ളടക്കങ്ങളും ലഭ്യമാക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

Related Articles

Back to top button