പാരിയത്തുകാവ് പോലീസ് വേട്ട: ‘അധികാര വരൾച്ചയ്ക്ക് ശേഷം രാഷ്ട്രീയ വെറി തീർക്കുന്നു’….. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുൻ മന്ത്രി എം.ബി. രാജേഷ്

കൊച്ചി: കുന്നത്തുനാട് പാരിയത്തുകാവിൽ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പോലീസ് നടത്തിയ നരനായാട്ടിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി മുൻ മന്ത്രിയും സി.പി.ഐ.എം നേതാവുമായ എം.ബി. രാജേഷ്. വടശ്ശേരി ദാമോദര മേനോൻ സതീശൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത് വെറും മൂന്നാം നാളാണ് പാവപ്പെട്ട ദളിത് കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടാൻ പോലീസ് വേട്ടക്കിറങ്ങിയതെന്ന് എം.ബി. രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എൽ.ഡി.എഫ് ഭരണകാലത്തും ഈ കേസിൽ കോടതി വിധിയുണ്ടായിരുന്നെന്നും എന്നാൽ മാനുഷിക പരിഗണനയോടെയാണ് അന്ന് സർക്കാർ വിഷയത്തിൽ ഇടപെട്ടതെന്നും രാജേഷ് ഓർമ്മിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..
പാരിയത്ത് കാവിലെ പുതുയുഗപ്പിറവി
പുതിയ മുഖ്യമന്ത്രിയായി ശ്രീ വടശ്ശേരി ദാമോദര മേനോന് സതീശന് സ്ഥാനാരോഹണം ചെയ്തതിന്റെ മൂന്നാം നാളാണ് എറണാകുളം പാരിയത്ത് കാവിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ പോലീസ് വേട്ടക്കിറങ്ങിയത്. പൊതുജീവിതത്തില്‍ അറുപത്തിരണ്ട് വയസ്സുവരെ ഉപയോഗിച്ച് പഴകിയ പേര് പോരാ മുഖ്യമന്ത്രിയാകാന്‍ എന്ന് ‘നെഹ്റുവിയന്‍ ലെഫ്റ്റി’ന് ഉള്‍വിളി ഉണ്ടായി. ‘യഥാര്‍ത്ഥ’ ഇടതുപക്ഷത്തിന്റെ തനിസ്വരൂപം ദരിദ്ര ദളിത് ജനതയോടെടുക്കാന്‍ ഇതാണ് പറ്റിയ സമയമെന്ന് പോലീസിനും തോന്നി. ഇടതുപക്ഷ ഭരണത്തിലും കോടതി വിധി ഉണ്ടായിരുന്നു.
അന്നൊന്നും പാരിയത്ത് കാവില്‍ പൊലീസ് ഇങ്ങനെ പെരുമാറാന്‍ ധൈര്യപ്പെട്ടിട്ടില്ല. വളരെ ക്ഷമാപൂര്‍വ്വവും മാനുഷിക പരിഗണനയോടെയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആ പ്രശ്നം കൈകാര്യം ചെയ്തത്. അതുകൊണ്ട് പോലീസും അതിരു വിട്ടിരുന്നില്ല. ഭരണമാറ്റം സൃഷ്ടിച്ച പുതുയുഗപ്പിറവി ഇത്രവേഗം അനുഭവവേദ്യമാകുമെന്നാരും കരുതിയിട്ടുണ്ടാകില്ല. അശരണരായ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളികള്‍ കേട്ടാണ് ഭരണമാറ്റത്തിന്റെ, പുതുയുഗമാരംഭിക്കുന്നത്. നിയമത്തിന്റെ ഹൃദയശൂന്യമായ സാങ്കേതികത്വത്തിനുപരിയായി നീതിയുടെ മാനുഷിക പരിഗണനയുള്ള ഒരു സര്‍ക്കാര്‍ മുമ്പ് ഈ പ്രശ്നം കൈകാര്യം ചെയ്തതിന്റെ പാഠം ഉള്‍ക്കൊള്ളാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. അല്ലാതെ പത്തുവര്‍ഷത്തെ അധികാര വരള്‍ച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീര്‍ക്കുകയല്ല.
എവിടെ സത്വവാദികള്‍? എവിടെ ജമാഅത്ത് ഇസ്ലാമി? ഞങ്ങളാണ് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയതെന്ന രക്ഷാകര്‍തൃ ഭാവത്തില്‍ സത്യപ്രതിജ്ഞയ്ക്കെത്തിയ ജമാ അത്ത്തലവന്‍ പ്രതികരിച്ചോ? പാരിയത്ത് കാവിലെ ‘പുതുയുഗപ്പിറവി’ യെ ഇരുട്ടുമുറിയില്‍ വിചാരണ ചെയ്തോ? എത്ര മുഖപ്രസംഗങ്ങളുണ്ടായി? എത്ര പ്രൈം ടൈം ചര്‍ച്ചകളുണ്ടായി? പൂക്കിയുടെ കണ്ണിറുക്കല്‍ മാഹാത്മ്യ വര്‍ണ്ണനകള്‍ക്കിടെ ദളിതരുടെ രോദനത്തിന് എന്തു വാര്‍ത്താ മൂല്യം? ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നൊന്ന് സങ്കല്പ്പിച്ചു നോക്കൂ. മുന്‍കാലങ്ങളിലെല്ലാം അവരെ നിരനിരയായി കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അവര്‍ക്കൊപ്പം ഉറച്ചു നിന്ന് ചെറുത്തത് ഇടതുപക്ഷമാണ്. ഇനിയും ആ മനുഷ്യര്‍ക്കൊപ്പം ഇടതുപക്ഷമുണ്ടാകും. അവരെപ്പോലെ അനീതി നേരിടുന്നവര്‍ക്കെല്ലാം ഒപ്പം തെരുവിലും, സമരമുഖത്തും ഇടതുപക്ഷമുണ്ടാകും.



