കോഴഞ്ചേരി ആശുപത്രിയിലെ ചികിത്സാ പിഴവ്…. അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ. മുരളീധരൻ

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുത്തിവെപ്പിനിടെ വയോധികയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്ക് (DMO) മന്ത്രി കർശന നിർദ്ദേശം നൽകി. ചികിത്സാ പിഴവ് ആരോപണത്തിൽ വലിയ രീതിയിലുള്ള ജനരോഷം ഉയർന്നതിന് പിന്നാലെ സംഭവത്തിൽ പോലീസും ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷമായി ശരീരത്തിൽ സൂചിയുടെ ഭാഗവുമായി കടുത്ത വേദന തിന്നു കഴിയുന്ന ആറന്മുള സ്വദേശിനി വത്സല (60) തന്റെ ദുരനുഭവം മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ചു. ഒരു വർഷം മുമ്പാണ് ചർദ്ദിലിന് ചികിത്സ തേടി ഞാൻ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിയത്. അന്ന് അവിടെ വെച്ച് എടുത്ത കുത്തിവെപ്പിന് ശേഷമാണ് ഈ ദുരിതം തുടങ്ങിയത്. അതിന് ശേഷം ഇടയ്ക്കിടെ ശരീരത്തിൽ കടുത്ത വേദന വരുമായിരുന്നു. കഴിഞ്ഞ ആറ് ദിവസം മുമ്പ് വേദന അസഹനീയമായപ്പോഴാണ് വീണ്ടും ഇതേ ആശുപത്രിയിൽ ചികിത്സ തേടിയത്. എക്സ്-റേ എടുത്തു നോക്കിയപ്പോഴാണ് ശരീരത്തിനുള്ളിൽ സൂചിയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് അവർ ശസ്ത്രക്രിയ നടത്തി സൂചിയുടെ ഒരു ഭാഗം പുറത്തെടുത്തു. എന്നാൽ ശരീരം അനങ്ങുമ്പോൾ ഇപ്പോഴും ഉള്ളിൽ വലിയ വേദനയാണ്. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല, ഇരിക്കാനോ നിൽക്കാനോ വയ്യാത്ത അവസ്ഥയാണ്. ആശുപത്രിയിലെ പഴയ ഒപി ചീട്ട് ഇപ്പോൾ തന്റെ കൈവശമില്ല. എന്നും പരാതിക്കാരി വത്സല പറഞ്ഞു.
അതേസമയം, വയോധികയുടെ ശരീരത്തിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കുത്തിവെപ്പിനായി ഉപയോഗിക്കുന്ന സൂചിയുടെ ഭാഗം തന്നെയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ വത്സലയുടെ കൈവശം ഒരു വർഷം മുമ്പ് ചികിത്സ തേടിയതിന്റെ രേഖകളോ ഒപി ചീട്ടോ ഇല്ലാത്തത് നിലവിൽ ആശുപത്രി അധികൃതർ തങ്ങൾക്ക് അനുകൂലമാക്കുന്നുണ്ട്. സൂചി കുടുങ്ങിയത് തങ്ങളുടെ ആശുപത്രിയിൽ നിന്നാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഇവർ ഇപ്പോഴും. എന്നാൽ, ആരോഗ്യ മന്ത്രി നേരിട്ട് റിപ്പോർട്ട് തേടുകയും പോലീസ് കേസിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ ആശുപത്രിയിലെ പഴയ ഒപി രജിസ്റ്ററുകൾ ഉൾപ്പെടെയുള്ള രേഖകൾ വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും. പാവപ്പെട്ട വയോധികയ്ക്ക് നേരിടേണ്ടി വന്ന ഈ ഗുരുതര വീഴ്ചയ്ക്ക് കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



