എബോള ഭീതി: കൊച്ചി വിമാനത്താവളത്തിൽ കനത്ത ജാഗ്രത…. മൂന്ന് ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ… യാത്രക്കാർക്ക് നിയന്ത്രണം

കൊച്ചി: എബോള വൈറസ് ബാധ ആഗോളതലത്തിൽ പടരുന്ന പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിരോധ-മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ അടിയന്തരമായി മാറ്റുന്നതിനായി ജില്ലയിലെ മൂന്ന് പ്രമുഖ ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ സൗകര്യങ്ങൾ സജ്ജീകരിച്ചതായി സിയാൽ അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര ടെർമിനലിൽ എത്തുന്ന എല്ലാ യാത്രക്കാരും എമിഗ്രേഷൻ വിഭാഗത്തിന് പ്രത്യേക ‘സെൽഫ് ഡിക്ലറേഷൻ’ (സ്വയം സാക്ഷ്യപത്രം) നിർബന്ധമായും സമർപ്പിക്കണം.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് എബോള സംശയിക്കുന്നവർക്കായി ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുള്ളത്. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ തെർമൽ സ്കാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവയ്ക്ക് വിധേയരാക്കും. കൂടാതെ ഇവരുടെ കൃത്യമായ യാത്രാ വിവരങ്ങൾ മെഡിക്കൽ സംഘം പരിശോധിക്കും. ലോകാരോഗ്യ സംഘടന എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിന് വിധേയരാക്കും.

നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എബോള വൈറസിന്റെ അഞ്ച് പ്രധാന സ്പീഷിസുകളിൽ ബുണ്ടിബുഗ്യോ എബോള വൈറസ് എന്ന വകഭേദമാണ് ഇപ്പോൾ ഭീതിയുയർത്തുന്നത്. ഈ വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്സിനോ പ്രത്യേക ചികിത്സയോ കണ്ടെത്തിയിട്ടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രോഗബാധിതരുമായി സമ്പർക്കമുണ്ടായ ശേഷം 2 മുതൽ 21 ദിവസം വരെയാണ് ഈ വൈറസിന്റെ ഇൻക്യൂബേഷൻ കാലയളവ് (രോഗലക്ഷണം പ്രകടമാകാൻ എടുക്കുന്ന സമയം). കടുത്ത പനി, തൊണ്ടവേദന, തലവേദന എന്നിവയുൾപ്പെടെയുള്ള സാധാരണ ഫ്ലൂ (പനി) ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണപ്പെടുന്നത്. രോഗം ബാധിക്കുന്നവരിൽ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിശദീകരിച്ചു. അതുകൊണ്ടുതന്നെ വിമാനത്താവള കേന്ദ്രീകരിച്ച് അതീവ ജാഗ്രത പുലർത്താനാണ് അധികൃതരുടെ തീരുമാനം.

Related Articles

Back to top button