ബെംഗളൂരു മലയാളി പെൺകുട്ടി പീഡനക്കേസിൽ നിർണായകം…. കുറ്റം സമ്മതിച്ച് പ്രതി ഹൈനസ് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്…. അന്വേഷണം കേരളത്തിലേക്ക്

ബെംഗളൂരു: ബെംഗളൂരു മഡിവാളയിൽ ഇരുപതുകാരിയായ മലയാളി വിദ്യാർത്ഥിനി ക്രൂരമായ ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവം മാധ്യമങ്ങളിലൂടെ വലിയ വാർത്തയായതോടെ കർണാടക പോലീസ് തലപ്പത്ത് അടിയന്തര ഇടപെടലുകളുണ്ടായി. കേസിൽ പ്രതിയായ സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് കുറ്റം സമ്മതിച്ച് പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ നിർണായക ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ മഡിവാള ഡിസിപിയെ നേരിട്ട് വിളിപ്പിച്ച് വിശദീകരണം തേടി. കേസെടുക്കാൻ വൈകിയതിലും ഇരയോട് മോശമായി പെരുമാറിയതിലും അന്വേഷണത്തിൽ വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് പരാതിക്കാരിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ മഡിവാള പോലീസ് പരമാവധി ശ്രമിച്ചെന്ന ആക്ഷേപം ശക്തമായതോടെ കേസ് പൂർണ്ണമായും മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റി. കേസിന്റെ അന്വേഷണം മഡിവാളയിൽ നിന്നും ആടുഗോഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കമ്മീഷണർ നിർദ്ദേശം നൽകി. ആടുഗോഡി എസിപിക്കാണ് നിലവിൽ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്. പരാതി നൽകാനെത്തിയ പെൺകുട്ടിയോട് സ്റ്റേഷനിൽ വെച്ച് അങ്ങേയറ്റം മോശമായി പെരുമാറിയ മഡിവാള സ്റ്റേഷനിലെ എസ്‌ഐക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും.

മെയ് 12-നാണ് കേസിനാസ്പദമായ ക്രൂരത അരങ്ങേറിയത്. പെൺകുട്ടി പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്ന കഫേ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കൾ ഒത്തുകൂടിയിരുന്നു. ഈ സമയത്താണ് കഫേ തുടങ്ങാൻ സഹായിച്ചിരുന്ന ഹൈനസ് എന്ന യുവാവും സുഹൃത്തുക്കളുടെ താമസസ്ഥലത്ത് എത്തിയത്. ഭക്ഷണം വാങ്ങാനായി സുഹൃത്തുക്കൾ പുറത്തുപോയ തക്കം നോക്കി ഹൈനസ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചോദ്യം ചെയ്ത സുഹൃത്തുക്കളെ പ്രതി കുപ്പി പൊട്ടിച്ച് ആക്രമിക്കാൻ തുനിയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് മഡിവാള പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയെയും സുഹൃത്തുക്കളെയും രാത്രി 11 മണി വരെ സ്റ്റേഷനിൽ ഇരുത്തിയെങ്കിലും പരാതി വാങ്ങാൻ പോലീസ് തയ്യാറായില്ല. വൈദ്യപരിശോധന വേണമെന്ന ആവശ്യവും പോലീസ് നിരസിച്ചു. ഇതിനിടെ സ്റ്റേഷനകത്ത് വെച്ച് പ്രതി ഹൈനസും അവന്റെ കൂട്ടാളിയായ സുരേഷ് എന്ന ഗുണ്ടാ നേതാവും ചേർന്ന് പെൺകുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തി. പോലീസിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ‘പരാതിയില്ല’ എന്ന് എഴുതി നൽകി മടങ്ങേണ്ടി വന്ന പെൺകുട്ടിയെ താമസസ്ഥലത്ത് വെച്ചും പ്രതികൾ പിന്നീട് ആക്രമിച്ചു. ഒടുവിൽ ഡിസിപിയെ നേരിട്ട് കണ്ട് പരാതി നൽകിയ ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായത്.

കേസിൽ പ്രതിയായ ഹൈനസ് നിലവിൽ കർണാടക വിട്ട് കേരളത്തിലേക്ക് കടന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന. പ്രതിയെ എത്രയും വേഗം വലയിലാക്കാനായി കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വയനാട് സുൽത്താൻ ബത്തേരി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Back to top button