‘കോക്രോച്ച് ഈസ് ബാക്ക്’……. പുതിയ അക്കൗണ്ടുമായി അഭിജിത് ദീപ്കെ…. ഇൻസ്റ്റാഗ്രാമും ഹാക്ക് ചെയ്യാൻ ശ്രമമെന്ന് ആക്ഷേപം

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) ഔദ്യോഗിക എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി. ബിജെപിയെക്കാൾ കൂടുതൽ ഇൻസ്റ്റാഗ്രാം ജനപിന്തുണ വെറും നാല് ദിവസം കൊണ്ട് നേടിയതിലുള്ള രാഷ്ട്രീയ വിരോധമാണ് അക്കൗണ്ട് വിലക്കാൻ കാരണമെന്നാണ് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ പ്രതികരണം. എന്നാൽ, തങ്ങളെ അത്ര പെട്ടെന്ന് ഒഴിവാക്കാൻ പറ്റുമെന്ന് കരുതേണ്ടെന്ന പ്രഖ്യാപനവുമായി ‘കോക്രോച്ച് ഈസ് ബാക്ക്’ (Cockroach is back) എന്ന പേരിൽ പുതിയ എക്സ് അക്കൗണ്ട് ആരംഭിച്ച് അവർ തിരിച്ചെത്തിയിട്ടുണ്ട്. ഇതിന് പുറമെ തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനും ചില കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ ശ്രമം നടക്കുന്നുണ്ടെന്ന് അഭിജിത് വെളിപ്പെടുത്തി.
അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ പുതിയ അക്കൗണ്ടിലൂടെയാണ് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതികരണവുമായി രംഗത്തെത്തിയത്. ഇത് ഞങ്ങൾ പ്രതീക്ഷിച്ചതാണ്. ഇൻസ്റ്റാഗ്രാമിൽ ഭരണകക്ഷിയായ ബിജെപിയെക്കാൾ ജനപിന്തുണ നേടാൻ സിജെപിക്ക് വെറും നാല് ദിവസം മാത്രമാണ് വേണ്ടി വന്നത്. ഇതാണ് പലരെയും ചൊടിപ്പിച്ചതും അക്കൗണ്ട് പൂട്ടിക്കാൻ കാരണമായതും. എന്നാൽ യുവത്വത്തിന്റെ ശക്തിയെ ആരും കുറച്ചുകാണരുത്. സിജെപി കൂടുതൽ ശക്തമായി മുന്നോട്ട് പോകും.’, അഭിജിത് ദീപ്കെ പറഞ്ഞു.
സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ ഒരു പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ഡിജിറ്റൽ രാഷ്ട്രീയ പരിഹാസ കൂട്ടായ്മയാണ് കോക്രോച്ച് ജനതാ പാർട്ടി അഥവാ സിജെപി. നിലവിൽ ഒരു ‘ജെൻസി മൂവ്മെന്റ്’ ആയി ഈ പേജ് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭരണസംവിധാനങ്ങളിൽ നിരാശരായ യുവാക്കളുടെ പ്രസ്ഥാനമായാണ് സി.ജെ.പി. സ്വയം അവതരിപ്പിക്കുന്നത്. കഴിഞ്ഞ മെയ് 15-ന് സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശമാണ് ഇതിനെല്ലാം ആധാരം. കോടതി നടപടിക്കിടെ, തൊഴിലില്ലാത്ത യുവാക്കൾ പാറ്റകളെപ്പോലെയാണെന്നും അവർ മാധ്യമ, സമൂഹമാധ്യമ, ആർ.ടി.ഐ ആക്ടിവിസ്റ്റുകളായി മാറി സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും അദ്ദേഹം പരാമർശിച്ചിരുന്നു. തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ചതിനെതിരെയാണ് യുവാക്കൾ ഡിജിറ്റൽ സമരവുമായി രംഗത്തിറങ്ങിയത്. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം എന്ന മുദ്രാവാക്യമുയർത്തുന്ന സിജെപിയിൽ അംഗമാകാൻ ചില രസകരമായ യോഗ്യതകൾ ഇവർ മുന്നോട്ട് വെക്കുന്നുണ്ട്; തൊഴിലില്ലായ്മ, മടി, ദിവസത്തിൽ 12 മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗം എന്നിവയാണവ.
അഭിജിത് ദീപ്കെ എന്ന യുവാവാണ് ഈ വൈറൽ പ്രസ്ഥാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റായ ഇദ്ദേഹം മുൻപ് ആം ആദ്മി പാർട്ടിയിൽ (AAP) പ്രവർത്തിച്ചിരുന്നതായും 2020-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്ക് വേണ്ടി സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയ പരിഹാസത്തിലൂടെ യുവാക്കളുടെ വലിയൊരു കൂട്ടായ്മയായി മാറിക്കൊണ്ടിരിക്കുന്ന സിജെപിയുടെ പുതിയ അക്കൗണ്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു.
