പിഎം ശ്രീ പദ്ധതി…. ആലോചിച്ച് തീരുമാനമെടുക്കും; യുഡിഎഫിൽ ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വിഷയത്തിൽ പരിശോധനകൾ നടന്നു വരികയാണെന്നും യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത് മുഖ്യമന്ത്രി അന്തിമ തീരുമാനം വ്യക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫണ്ട് ഒരു പ്രധാന ഘടകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാർ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് തൽക്കാലം ചെയ്യേണ്ടതില്ലെന്ന് കാണിച്ച് വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. മുൻ സർക്കാരിന്റെ ഈ നിലപാടിനോട് തങ്ങൾക്കും യോജിപ്പാണെന്ന് മന്ത്രി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം വന്നതിന് മുൻപ് തന്നെ ഉദ്യോഗസ്ഥരുമായി പ്രാഥമിക കൂടിയാലോചനകൾ നടത്തിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഗവൺമെന്റുകൾ എന്നത് ഒരു തുടർച്ചയായതിനാൽ മുൻപ് നടന്ന കാര്യങ്ങളും നിലവിലെ സാഹചര്യവും യുഡിഎഫ് മുന്നണിയിൽ ചർച്ച ചെയ്യും. അത്രയും തുകയുടെ ഫണ്ട് വേണ്ട എന്ന് വെക്കണോ എന്നതടക്കമുള്ള കാര്യങ്ങളിൽ മുന്നണി നേതൃത്വവുമായി സംസാരിച്ച ശേഷമേ ഔദ്യോഗികമായ ഒരു നിലപാട് പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.



