പ്രവർത്തനമില്ലെങ്കിലും കായംകുളം താപനിലയത്തിന് പ്രതിവർഷം 100 കോടി നൽകുന്നതെന്തിന്? കെഎസ്ഇബിയോട് വിശദീകരണം തേടി കമ്മിഷൻ

വർഷങ്ങളായി വൈദ്യുതി ഉത്പാദനം നടക്കാത്ത കായംകുളം താപനിലയത്തിനായി കെ.എസ്.ഇ.ബി വർഷംതോറും 100 കോടി രൂപ ഫിക്സഡ് ചാർജായി നൽകുന്നത് എന്തിനാണെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചോദിച്ചു. നിലയത്തിന്റെ പ്രവർത്തനായുസ്സ് അവസാനിച്ച സാഹചര്യത്തിലും കരാർ പുതുക്കാൻ സർക്കാർ അംഗീകാരം നൽകിയതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും വ്യക്തതക്കുറവുണ്ടെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

എൻ.ടി.പി.സി.യുടെ കായംകുളം നിലയത്തിൽ കഴിഞ്ഞ ഏഴ് വർഷമായി വൈദ്യുതി ഉത്പാദനം നടന്നിട്ടില്ല. എന്നിട്ടും ഫിക്സഡ് ചാർജ് നൽകുന്ന നിലവിലെ കരാർ വീണ്ടും മൂന്ന് വർഷത്തേക്ക് നീട്ടാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് അംഗീകാരം തേടി കെ.എസ്.ഇ.ബി. സമർപ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് കമ്മിഷൻ ചോദ്യങ്ങൾ ഉയർത്തിയത്.

ഒരു വൈദ്യുതിനിലയത്തിന്റെ സാധാരണ പ്രവർത്തനായുസ്സ് 25 വർഷമാണെന്നും കായംകുളം നിലയം ആ പരിധി പിന്നിട്ടതാണെന്നും ചൂണ്ടിക്കാട്ടിയ കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ്, ഇത്തരമൊരു സാഹചര്യത്തിൽ 100 കോടി രൂപയുടെ വാർഷിക ബാധ്യത തുടരേണ്ടതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുമൂലം കെ.എസ്.ഇ.ബിക്കും ഉപഭോക്താക്കൾക്കും ഉണ്ടാകുന്ന സാമ്പത്തികഭാരം സർക്കാർ കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുതുക്കൽ കരാറിന്റെ ഭാഗമായി കായംകുളത്ത് ഫ്ലോട്ടിങ് സൗരോർജ പദ്ധതികളും 500 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് സംവിധാനവും സ്ഥാപിക്കുമെന്നാണ് എൻ.ടി.പി.സി. വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സമയക്രമം ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. വ്യക്തമായ സമയപരിധി രേഖപ്പെടുത്തണമെന്നും നിർദേശിച്ചു.

കരാർ പുതുക്കിയില്ലെങ്കിൽ താൽച്ചർ നിലയത്തിൽനിന്ന് കേരളത്തിന് ലഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള 180 മെഗാവാട്ട് വൈദ്യുതി വിഹിതം നഷ്ടമാകുമെന്ന എൻ.ടി.പി.സി.യുടെ വാദവും കമ്മിഷൻ ചോദ്യം ചെയ്തു. കേന്ദ്ര നിലയങ്ങളിൽനിന്നുള്ള അൺഅലോക്കേറ്റഡ് വൈദ്യുതി വിഹിതം അനുവദിക്കുന്നത് കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരമാണെന്നും അത് നിർത്തുമെന്ന് പറയാൻ എൻ.ടി.പി.സി.യ്ക്ക് അധികാരമില്ലെന്നും കമ്മിഷൻ അംഗം ബി. പ്രദീപ് അഭിപ്രായപ്പെട്ടു.

നിലയം പ്രവർത്തനരഹിതമായിരിക്കെ അതിന്റെ പരിപാലനത്തിനായി ഇപ്പോഴും 240 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന എൻ.ടി.പി.സി.യുടെ അവകാശവാദത്തിലും കമ്മിഷൻ സംശയം പ്രകടിപ്പിച്ചു. വൈദ്യുതി ഉത്പാദനം ഇല്ലാത്ത നിലയത്തിലെ ജീവനക്കാരുടെ ചെലവും ഉൾപ്പെടുത്തി തുക ആവശ്യപ്പെടുന്നതിനെക്കുറിച്ചും വിശദീകരണം തേടി.

കമ്മിഷൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന് ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കമ്മിഷൻ കൂടുതൽ സമയം അനുവദിച്ചു.

Related Articles

Back to top button