‘എന്നെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, മുതിർന്ന നേതാക്കൾ ഇങ്ങനെ പെരുമാറിയാൽ എന്തുചെയ്യും?’…. വി. ശിവൻകുട്ടിക്കെതിരെ തുറന്നടിച്ച് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ മുൻ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരസ്യ പ്രതികരണവുമായി മുൻ മേയർ ആര്യ രാജേന്ദ്രൻ. പാർട്ടി വേദികളിൽ തന്നെ തേജോവധം ചെയ്യാൻ ശ്രമിക്കുകയാണെന്നും വി. ശിവൻകുട്ടി ഉന്നയിച്ച കാര്യങ്ങൾ തീർത്തും തെറ്റാണെന്നും ആര്യ രാജേന്ദ്രൻ തുറന്നടിച്ചു. മുതിർന്ന നേതാക്കൾ പാർട്ടിയിലെ പുതിയ തലമുറയോട് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കിൽ എന്തുചെയ്യുമെന്ന ചോദ്യവും ആര്യ ഉയർത്തുന്നു.
തിരഞ്ഞെടുപ്പ് തോൽവിയും വോട്ട് ചോർച്ചയും ചർച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആര്യ രാജേന്ദ്രനെതിരെ വി. ശിവൻകുട്ടി രൂക്ഷവിമർശനം ഉന്നയിച്ചത്. ആര്യ രാജേന്ദ്രൻ പ്രചാരണത്തിന് ഇറങ്ങിയത് പാർട്ടിക്ക് വോട്ട് കുറയാൻ കാരണമായെന്നായിരുന്നു ശിവൻകുട്ടിയുടെ കണ്ടെത്തൽ. ‘തിരഞ്ഞെടുപ്പ് സമയത്ത് ആര്യയെ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കമുള്ളവർ എതിർത്തു. കാറിത്തുപ്പുന്നതു പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണം. 1400 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച ബൂത്തിൽ ആര്യയുടെ സാന്നിധ്യം കാരണം വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് പാർട്ടിക്ക് കിട്ടിയത്,‘ എന്നായിരുന്നു ശിവൻകുട്ടിയുടെ കടുത്ത പരാമർശം.
തനിക്കെതിരെ ഉയർന്ന തെറ്റായ പരാമർശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിൽ, പാർട്ടി നേതൃത്വം ഇതിൽ വ്യക്തത വരുത്തണമെന്നും മാധ്യമങ്ങളോട് വിശദീകരിക്കണമെന്നുമാണ് ആര്യ രാജേന്ദ്രന്റെ ആവശ്യം. തിരുവനന്തപുരത്തെ പാർട്ടി കോട്ടകളിൽ ഉണ്ടായ വോട്ട് ചോർച്ചയെച്ചൊല്ലി മുതിർന്ന നേതാവും യുവനേതാവും തമ്മിൽ ഉടലെടുത്ത ഈ പരസ്യപ്പോര് സിപിഎം ജില്ലാ നേതൃത്വത്തെ വരും ദിവസങ്ങളിൽ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്.



