വി.ഡി സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ നടിക്ക് നേരെ കൂവൽ….. ‘അവർ കോൺഗ്രസുകാരാണെന്ന് കരുതുന്നില്ലെന്ന്’ റിനി ആൻ ജോർജ്

കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തനിക്കെതിരെ കൂവിയവര്‍ക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി യുവനടി റിനി ആന്‍ ജോര്‍ജ്. കണ്ണുകടി ഉണ്ടായ കുലംകുത്തികളാണ് തനിക്കെതിരെ ഓരിയിട്ടതെന്ന് റിനി ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം പ്രതികരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ താൻ അവഗണിച്ചതായും നടി വ്യക്തമാക്കി.
വി.ഡി സതീശന്റെ മുഖ്യമന്ത്രിപദം തന്റെ വലിയൊരു സ്വപ്നസാക്ഷാത്കാരമായിരുന്നുവെന്ന് റിനി പറയുന്നു. ആ ചരിത്ര നിമിഷം നേരിട്ട് കാണാനുള്ള ഭാഗ്യം തനിക്കുണ്ടായി. തനിക്കെതിരെ മോശം പ്രതികരണം നടത്തിയവർ കോൺഗ്രസ് പ്രവർത്തകരാണെന്ന് കരുതുന്നില്ല. കോൺഗ്രസുകാർ എപ്പോഴും തന്നോട് വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയിട്ടുള്ളതെന്നും റിനി ആൻ ജോർജ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
റിനിയുടെ ഫേസ്ബുക്ക് കുറിപ്പ്…….
മെയ് 18 2026
എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ MLA എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ CM ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു… അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു. അവർ കോൺഗ്രെസ്സുക്കാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോൺഗ്രെസ്സ്ക്കാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോൺഗ്രെസ്സുക്കാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു…



