തെരുവുനായ്ക്കൾ തെരുവിൽ വേണ്ട, അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണം…. വധിക്കാനും അനുമതി നല്കി സുപ്രീംകോടതി

രാജ്യത്തെ തെരുവുനായകളെ പൂര്‍ണമായി പിടികൂടി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. പൊതുനിരത്തിലേക്ക് തിരിച്ചുവരാനാകാത്ത രീതിയില്‍ നടപടി എടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. തെരുവുനായകളെ പിടികൂടിയ ഇടത്ത് തന്നെ തിരിച്ചു വിടരുതെന്ന പരിഷ്കരിച്ച ഉത്തരവ് സുപ്രീം കോടതി തള്ളുകയും ചെയ്തു. നായ കടിക്കാതെ ജീവിക്കുക എന്നതും മൗലികാവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായ പ്രശ്നത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍ വി അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം.
തെരുവുനായകളെ ഷെല്‍ട്ടറുകളിലേക്ക് തന്നെ മാറ്റണമെന്ന ഇടക്കാല ഉത്തരവ് തുടരും. മൃഗസ്നേഹികളുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി തള്ളി. ഇടക്കാല ഉത്തരവ് പരിഷ്കരിക്കണമെന്നും മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ റദ്ദാക്കണമെന്നും മൃഗസ്നേഹികള്‍ ആവശ്യപ്പെട്ടിരുന്നു. തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള മാനദണ്ഡങ്ങള്‍ റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. എബിസി മാനദണ്ഡം നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റി. തെരുവുനായകളുടെ കടിയേല്‍ക്കാതെ കുട്ടികളെയും വയോധികരെയും സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
‘തെരുവുനായ്ക്കള്‍ കൂടുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നില്ല. എബിസി ചട്ടങ്ങള്‍ നടപ്പാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. എല്ലാ ജില്ലകളിലും മതിയായ സൗകര്യത്തോടെ എബിസി സെന്ററുകള്‍ സ്ഥാപിക്കണം. നിര്‍ദ്ദേശം സമയബന്ധിതമായി നടപ്പാക്കണം. എബിസി ചട്ടക്കൂട് നടപ്പാക്കുന്നതില്‍ മതിയായ ആസുത്രണമില്ല. ഇത് ഫലപ്രാപ്തിയെ ദുര്‍ബ്ബലപ്പെടുത്തുന്നു. എബിസി ചട്ടക്കൂട് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം’, സുപ്രീം കോടതി പറഞ്ഞു. വിദേശ പൗരന്മാര് പോലും തെരുവുനായ ആക്രമണത്തിന് ഇരകളായെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തെരുവുനായ ആക്രമണങ്ങളില്‍ ആശങ്കയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാമെന്നും ദയാവധത്തിന് ഭരണകൂടത്തിന് നടപടിയെടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.



