‘കൊടിവെച്ച കാറിൽ മടങ്ങുമെന്ന വാക്ക് പാലിക്കണം’…. ടേം വ്യവസ്ഥയിൽ നിലപാട് കടുപ്പിച്ച് മാണി സി. കാപ്പൻ…. യു.ഡി.എഫിൽ അടിയൊഴുക്കുകൾ ശക്തം

കൊച്ചി: യു.ഡി.എഫിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ടേം വ്യവസ്ഥയിൽ പരസ്യമായി നിലപാട് കടുപ്പിച്ച് മാണി സി. കാപ്പൻ. രണ്ടര വർഷത്തെ ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്നും അഞ്ച് വർഷം തികച്ച് മന്ത്രിസ്ഥാനം വേണമെന്നുമാണ് പാലാ നിയുക്ത എം.എൽ.എയായ മാണി സി. കാപ്പന്റെ ഉറച്ച നിലപാട്. തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് നേതാക്കൾ നൽകിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് പൂർണ്ണ ടേം മന്ത്രിസ്ഥാനം നൽകുമെന്ന് യു.ഡി.എഫ് നേതാക്കൾ പാലായിൽ വന്ന് പ്രസംഗിച്ചിരുന്നുവെന്ന് മാണി സി. കാപ്പൻ ഓർമ്മിപ്പിച്ചു. “വി. ഡി. സതീശൻ ഇക്കാര്യം പാലായിൽ എത്തി പ്രസംഗിച്ചതാണ്. ‘അങ്ങോട്ടുപോകുന്ന കാറിൽ ആയിരിക്കില്ല കാപ്പൻ തിരികെ വരിക, കൊടിവെച്ച കാറിലായിരിക്കും മടങ്ങുക’ എന്നാണ് അദ്ദേഹം പറഞ്ഞത്. രമേശ് ചെന്നിത്തലയും കൺവെൻഷനിൽ സമാനമായ രീതിയിൽ പ്രസംഗിച്ചിരുന്നു. പറഞ്ഞ വാക്ക് മുന്നണി പാലിക്കണം. ‘ടീം യു.ഡി.എഫ്’ എന്നല്ലേ പറയുന്നത്, താനും അതിന്റെ ഭാഗമല്ലേ?” — മാണി സി. കാപ്പൻ പറഞ്ഞു.

മാണി സി. കാപ്പനും അനൂപ് ജേക്കബിനും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം പങ്കിടാമെന്നാണ് കോൺഗ്രസ് മുന്നോട്ട് വെച്ച വാഗ്ദാനം. എന്നാൽ ഇത് രണ്ടുപേർക്കും സ്വീകാര്യമല്ല. ഒറ്റ എം.എൽ.എ മാത്രമുള്ള സി.എം.പിക്ക് അഞ്ച് വർഷം പൂർണ്ണ ടേം മന്ത്രിസ്ഥാനം നൽകാൻ ധാരണയായതിലാണ് കാപ്പനും അനൂപ് ജേക്കബിനും കടുത്ത എതിർപ്പുള്ളത്. ഒറ്റ എം.എൽ.എമാരുള്ള എല്ലാ ഘടകകക്ഷികൾക്കും മുന്നണിയിൽ തുല്യനീതി വേണമെന്ന ആവശ്യമാണ് ഇരുവരും ഉയർത്തുന്നത്. അതേസമയം, രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാടിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഉറച്ചുനിൽക്കുകയാണ്. തങ്ങൾ ഉന്നയിച്ചത് തികച്ചും ന്യായമായ ആവശ്യമാണെന്നും കോൺഗ്രസ് അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും മോൻസ് ജോസഫ് പ്രതികരിച്ചു. ഏഴ് എം.എൽ.എമാർ വിജയിച്ച സാഹചര്യത്തിൽ പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വാദം.

നിലവിലെ ധാരണപ്രകാരം കേരള കോൺഗ്രസ് ജോസഫിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് കോൺഗ്രസ് മാറ്റിവെച്ചിരിക്കുന്നത്. മോൻസ് ജോസഫിന് പുറമെ അപു ജോസഫ് അല്ലെങ്കിൽ തോമസ് ഉണ്ണിയാടൻ എന്നിവരിലൊരാൾ മന്ത്രിയാകും. മോൻസ് ജോസഫ് മന്ത്രിയാവുകയും അപു ജോസഫ്, തോമസ് ഉണ്ണിയാടൻ എന്നിവരിൽ ഒരാൾ ചീഫ് വിപ്പാകുകയും ചെയ്യും. ഇതിൽ അപു ജോസഫിനാണ് ചീഫ് വിപ്പ് സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

Related Articles

Back to top button