‘പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ ഏറ്റെടുക്കും’…. സ്പീക്കർ പദവി ചെറുതല്ലെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: പാർട്ടി ഏത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പുതിയ യു.ഡി.എഫ് സർക്കാരിൽ സ്പീക്കർ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് ഉയർന്നുവരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കർ സ്ഥാനം ലഭിക്കുമോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പാർട്ടി ഒരു തീരുമാനമെടുത്താൽ അത് സന്തോഷപൂർവ്വം അംഗീകരിക്കും.

സ്പീക്കർ പദവി എങ്ങനെയാണ് ചെറുതായി പോകുന്നത്? ചിലർ സ്പീക്കർ സ്ഥാനം ചെറുതാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ആളുകളുടെ കാഴ്ചപ്പാട് പോലെയാണ് അതെല്ലാം. പാർട്ടി ഔദ്യോഗികമായി തീരുമാനം അറിയിക്കുന്നത് വരെ ഇതിൽ കൂടുതൽ പ്രതികരിക്കാനില്ല. — തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. യു.ഡി.എഫിൽ മന്ത്രിസ്ഥാനങ്ങൾ തീരുമാനിക്കുന്നതിൽ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം തീരുമാനിക്കുന്നതിന് മുൻപ് മുന്നണിയിൽ ചർച്ചകൾ നടക്കുന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണ്.

കേരളത്തിൽ യു.ഡി.എഫ് മുന്നണി ഭംഗിയായി മുന്നോട്ട് പോകണം എന്നതാണ് ജനങ്ങളുടെ ആഗ്രഹം. ജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ഒന്നും മുന്നണിയിൽ ഉണ്ടാകില്ല. ഔദ്യോഗിക തീരുമാനം വന്നാൽ എല്ലാവരും ഒരേ ദിശയിൽ തന്നെ ഒന്നിച്ച് മുന്നോട്ടു പോകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button