കൊല്ലത്ത് 12 വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവം… മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം: അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് പന്ത്രണ്ട് വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി. ഗീത അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഏഴ് ദിവസത്തിനകം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകൻ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ അടിയന്തര നടപടി.
പിറവന്തൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിലാണ് (ബോയ്സ് ഹോം) മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അടൂർ സ്വദേശികളായ കുട്ടികൾക്കാണ് ഇവിടെ ക്രൂര പീഡനമേറ്റത്. അമ്മ സുഖമില്ലാതെ കിടപ്പിലായതിനെ തുടർന്നാണ് ഇവരുടെ നാല് മക്കളിൽ രണ്ട് പേരെ സംരക്ഷണത്തിനായി ഈ ബോയ്സ് ഹോമിൽ താമസിപ്പിച്ചിരുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. “പണം എടുത്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അവർ കേട്ടില്ല. കയർ ഉപയോഗിച്ച് കാലിൽ കെട്ടി മുകളിലേക്ക് ഉയർത്തിയ ശേഷം കൊല്ലുമെന്ന് പാചകക്കാരൻ ഭീഷണിപ്പെടുത്തി. മർദ്ദിക്കുന്ന സമയത്ത് ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു.” — മർദ്ദനമേറ്റ കുട്ടി നൽകിയ മൊഴി. ക്രൂരമായ മർദ്ദനത്തിന് നേതൃത്വം നൽകിയ ബോയ്സ് ഹോമിലെ പാചകക്കാരൻ അടക്കം രണ്ട് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥാപനത്തിൽ കുട്ടികൾക്കെതിരെ മറ്റ് പീഡനങ്ങൾ നടന്നിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.



