യുഡിഎഫിൽ മന്ത്രിസഭാ ചർച്ചകൾ അനിശ്ചിതത്വത്തിൽ…. കേരള കോൺഗ്രസിൽ പ്രതിഷേധം… അനൂപും കാപ്പനും വഴങ്ങുന്നില്ല

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഘടകകക്ഷികളുമായുള്ള ചർച്ചകൾ ഇന്നും തീരുമാനമാകാതെ പിരിഞ്ഞു. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലും മറ്റ് ചെറുകക്ഷികൾക്കിടയിലും കടുത്ത ഭിന്നത നിലനിൽക്കുകയാണ്.

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ പി.ജെ. ജോസഫ് ഉറച്ചുനിൽക്കുന്നു. അതിനിടെ, അപു ജോസഫിനെ മന്ത്രിയാക്കുന്നതിനെതിരെ തോമസ് ഉണ്ണിയാടൻ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തി. ചർച്ചകൾ നാളെയും തുടരുമെന്ന് പി.ജെ. ജോസഫ് അറിയിച്ചു. അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവർക്ക് മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ നൽകാമെന്ന കോൺഗ്രസ് നിർദ്ദേശം ഇരുവർക്കും സ്വീകാര്യമല്ല. മുൻപ് മന്ത്രിയായിരുന്ന പരിചയം ചൂണ്ടിക്കാട്ടിയാണ് അനൂപ് ജേക്കബ് പൂർണ്ണ കാലാവധി ആവശ്യപ്പെടുന്നത്. അനൂപിനെ അനുനയിപ്പിക്കാൻ കെപിസിസി നാളെയും ചർച്ച നടത്തും. ഷിബു ബേബി ജോൺ (ആർഎസ്പി), സി.പി. ജോൺ (സിഎംപി) എന്നിവർക്ക് മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്.

പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രിമാരാകുമെന്ന് ഉറപ്പായി. രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം. ലിജു, പി.സി. വിഷ്ണുനാഥ്, സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ എന്നിവരും പട്ടികയിലുണ്ട്. നാളെ ഉച്ചയ്ക്ക് 2 മണിയോടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് ഹൈക്കമാൻഡ് പ്രതിനിധി ദീപാദാസ് മുൻഷി അറിയിച്ചു. രമേശ് ചെന്നിത്തലയുടെ ആവശ്യങ്ങളിൽ നേതൃത്വം കൈക്കൊള്ളുന്ന തീരുമാനവും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.

Related Articles

Back to top button