രാജ്യത്ത് പാചകവാതക ശേഖരം ആവശ്യത്തിലധികം… ആവശ്യക്കാരില്ലാതെ എണ്ണക്കമ്പനികൾ പ്രതിസന്ധിയിൽ

രാജ്യത്ത് പാചകവാതക ശേഖരം ആവശ്യത്തിലധികം വർധിച്ചതായി റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ സർക്കാർ എണ്ണക്കമ്പനികൾ വൻതോതിൽ എൽപിജി ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, നിലവിൽ വിപണിയിലെ ആവശ്യകതയേക്കാൾ കൂടുതൽ ഇന്ധനം ശേഖരത്തിലുള്ളത് എണ്ണക്കമ്പനികൾക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
മുൻപ് പ്രതിസന്ധി ഘട്ടത്തിൽ പ്രതിദിനം 40,000 ടൺ വരെ എൽപിജി ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ നിലവിൽ രാജ്യത്തെ പ്രതിദിന ആവശ്യം 30,000 മുതൽ 32,000 ടൺ വരെ മാത്രമാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ ആഭ്യന്തര ഉൽപ്പാദനവും ഗണ്യമായി വർധിപ്പിച്ചിരുന്നു. ഒരുഘട്ടത്തിൽ പ്രതിദിനം 54,000 ടൺ വരെയായി ഉൽപ്പാദനം ഉയർത്തിയെങ്കിലും നിലവിൽ ഇത് 40,000 ടണ്ണായി കുറച്ചിട്ടുണ്ട്.
ഇതിനിടെ, യുഎസ്-ഇറാൻ സമാധാന കരാറിനെത്തുടർന്ന് ഗൾഫ് മേഖലയിലെ വിതരണം പുനഃസ്ഥാപിക്കപ്പെട്ടു. ഇതോടെ മുൻപ് വൈകിയ ചരക്കുകൾ കൂടി ഒന്നിച്ച് ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയതാണ് ഇപ്പോൾ കമ്പനികൾക്ക് തലവേദനയായിരിക്കുന്നത്.
പാചകവാതകത്തിന്റെ ഡിമാൻഡ് പെട്ടെന്ന് കുറഞ്ഞതും എണ്ണക്കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിതരണ തടസ്സമുണ്ടായ കാലയളവിൽ ഹോട്ടലുകളും വൻകിട വ്യവസായ യൂണിറ്റുകളും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്, ബയോമാസ് തുടങ്ങിയ ഇതര ഇന്ധനങ്ങളിലേക്ക് മാറിയിരുന്നു. മാർച്ച് മാസത്തിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പ്രതിദിനം ശരാശരി 91,000 ടൺ എൽപിജി ഉപയോഗിച്ചിരുന്ന സ്ഥാനത്ത്, ജൂൺ മാസത്തിലെ ഉപയോഗം വെറും 73,000 ടണ്ണായി താഴുകയാണ് ചെയ്തത്. ആവശ്യകതയും വിതരണവും തമ്മിലുള്ള ഈ വലിയ വ്യത്യാസം എണ്ണക്കമ്പനികളുടെ സംഭരണശേഷിയെയും ലാഭക്ഷമതയെയും സാരമായി ബാധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.



