ഇറാനെതിരെ വീണ്ടും വ്യോമാക്രമണത്തിന് യുഎസ് പദ്ധതി….. ആശങ്കയോടെ ലോകം, ആണവ ഭീഷണിയുമായി ഇറാൻ

പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്താൻ അമേരിക്കൻ ഉദ്യോഗസ്ഥർ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ന്യൂയോർക്ക് ടൈംസാണ്’ ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. വെടിനിർത്തൽ ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും യുദ്ധം രൂക്ഷമാകുമോ എന്ന ആശങ്ക ഈ റിപ്പോർട്ടോടെ ശക്തമായിരിക്കുകയാണ്.ഇസ്രയേലിന്റെ സഹായത്തോടെ ഇറാനെതിരെ അതിതീവ്രമായ ആക്രമണം നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് യുഎസ് ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ, വേണ്ടി വന്നാൽ ഇറാനെതിരെ രൂക്ഷമായ ആക്രമണം നടത്താനുള്ള എല്ലാ പദ്ധതികളും തങ്ങളുടെ പക്കലുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്തും വ്യക്തമാക്കി. ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.അതേസമയം, പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണ്ണമായും തള്ളി. ഇറാന്റെ നിർദേശം അസ്വീകാര്യമെന്ന് വ്യക്തമാക്കിയ ട്രംപ്, താൻ ആ നിർദേശങ്ങൾ പരിശോധിച്ചതായും അതിലെ ആദ്യ വരി പോലും തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് വലിച്ചെറിയുമെന്നും തുറന്നടിച്ചു. ബെയ്ജിംഗിൽ നിന്ന് മടങ്ങുന്നതിനിടെ എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ബുദ്ധിയുള്ള മനുഷ്യരാണെങ്കിൽ അവർ കരാറിന് സമ്മതിച്ചേനെ, ഇറാനെ നയിക്കുന്നത് ഭ്രാന്തന്മാരാകാം” എന്നും കഴിഞ്ഞ ദിവസം ട്രംപ് പരിഹസിച്ചിരുന്നു.അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക വ്യോമാക്രമണം പുനരാരംഭിക്കുകയാണെങ്കിൽ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനമായി ഉയർത്തുമെന്ന് ഇറാനിയൻ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവ് ഇബ്രാഹിം റാസി വ്യക്തമാക്കിയതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ഈ നീക്കം ആണവായുധ നിർമ്മാണത്തിലേക്ക് നയിക്കുമെന്നതിനാൽ അന്താരാഷ്ട്ര സമൂഹം വലിയ ആശങ്കയോടെയാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.

Related Articles

Back to top button