‘രണ്ട് മന്ത്രിസ്ഥാനം വേണം’….. വിട്ടുവീഴ്ചക്കില്ലെന്ന് കേരള കോൺഗ്രസ് ജോസഫ്…. യുഡിഎഫിൽ മന്ത്രിസഭാ ചർച്ചകൾ ചൂടുപിടിക്കുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചിട്ടും മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയിച്ച പശ്ചാത്തലത്തിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്.
ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് കോൺഗ്രസ് നിലവിൽ കേരള കോൺഗ്രസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള പാർട്ടി തയ്യാറായിട്ടില്ല. സീറ്റ് വിഭജന വേളയിൽ പാർട്ടി കാണിച്ച വിട്ടുവീഴ്ചകൾ പരിഗണിക്കണമെന്നും 87.5% എന്ന മികച്ച സ്ട്രൈക്ക് റേറ്റ് അവഗണിക്കരുതെന്നും നേതൃത്വം ആവശ്യപ്പെടുന്നു. റവന്യൂ, ജലസേചനം എന്നീ സുപ്രധാന വകുപ്പുകൾ വേണമെന്നാണ് പാർട്ടിയുടെ ആവശ്യമെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് രണ്ട് മന്ത്രിസ്ഥാനങ്ങളും (കെ.എം. മാണി, പി.ജെ. ജോസഫ്) ചീഫ് വിപ്പ് പദവിയും (പി.സി. ജോർജ്) പാർട്ടിക്ക് ലഭിച്ചിരുന്നു. ഇതേ മാതൃക ഇത്തവണയും വേണമെന്നാണ് പാർട്ടിയുടെ വാദം. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതോടെ മാത്രമേ മന്ത്രിസഭയുടെ അന്തിമ ചിത്രം വ്യക്തമാകൂ.



