ബുക്കിംഗ് ഉണ്ടായിട്ടും മുറി നൽകിയില്ല…. ഐആർസിടിസിക്കും മേക്ക് മൈ ട്രിപ്പിനും കനത്ത തിരിച്ചടി…. 50,000 രൂപ പിഴ

കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽ മുറി നിഷേധിച്ച സംഭവത്തിൽ ഐആർസിടിസിക്കും മേക്ക് മൈ ട്രിപ്പിനുമെതിരെ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ കർശന നടപടി സ്വീകരിച്ചു. സേവനത്തിൽ വീഴ്ച വരുത്തിയതിന് പരാതിക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കെ.ബി. പരമേശ്വരൻ, സഹോദരൻ ബാലാജി ശങ്കർ, സുഹൃത്ത് മണികണ്ഠൻ എന്നിവരാണ് പരാതി നൽകിയത്. 2024 ഒക്ടോബറിൽ തന്നെ ഐആർസിടിസി വഴി മേക്ക് മൈ ട്രിപ്പ് മുഖേന പ്രയാഗ്‌രാജിലെ ‘അതിഥി സ്റ്റേ ലോഡ്ജിൽ’ മുറി ബുക്ക് ചെയ്തിരുന്നു. 4,173 രൂപ മുൻകൂട്ടി അടയ്ക്കുകയും ചെയ്തു. 2025 ഫെബ്രുവരി മൂന്നിന് ദീർഘദൂര യാത്രയ്ക്കൊടുവിൽ ഹോട്ടലിലെത്തിയ ഇവരോട് ഐആർസിടിസിയുമായോ മേക്ക് മൈ ട്രിപ്പുമായോ തങ്ങൾക്ക് ബന്ധമില്ലെന്ന് പറഞ്ഞ് ഹോട്ടൽ അധികൃതർ മുറി നിഷേധിച്ചു. റ്റൊരു സ്ഥലവും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, പ്രതിദിനം 4,000 രൂപ നിരക്കിൽ വലിയ തുക അധികമായി നൽകി അതേ ഹോട്ടലിൽ തന്നെ ഇവർക്ക് താമസിക്കേണ്ടി വന്നു.

പരാതിക്കാർക്ക് ഉണ്ടായ മാനസിക വിഷമത്തിനും സേവനത്തിലെ വീഴ്ചയ്ക്കും നഷ്ടപരിഹാരം നൽകുന്നതിനൊപ്പം, ഹോട്ടലിൽ അധികമായി നൽകേണ്ടി വന്ന 7,827 രൂപ തിരികെ നൽകാനും കോടതി ഉത്തരവിട്ടു. ട്രാവൽ ഏജൻസികൾ നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പരാതിക്കാർ കമ്മീഷനെ സമീപിച്ചത്.

Related Articles

Back to top button