അദാനിക്കെതിരായ 265 മില്യൺ ഡോളറിന്റെ കൈക്കൂലി-തട്ടിപ്പ് കേസ് പിൻവലിക്കാനൊരുങ്ങി യുഎസ്; വമ്പൻ വഴിത്തിരിവെന്ന് റിപ്പോർട്ട്

ഇന്ത്യൻ ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ രജിസ്റ്റർ ചെയ്തിരുന്ന കൈക്കൂലി-തട്ടിപ്പ് കേസിൽ നിർണായക വഴിത്തിരിവ്. യുഎസ് നീതിന്യായ വകുപ്പ് അദാനിയെയും മറ്റ് പ്രതികളെയുംതിരേയുള്ള കുറ്റങ്ങൾ പിൻവലിക്കാൻ നീക്കമാരംഭിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബർഗ്’ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനൊപ്പം, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) അദാനിക്കെതിരേ ഫയൽ ചെയ്ത സിവിൽ കേസ് ഒത്തുതീർപ്പാക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നുവെന്നാണ് സൂചന. സംഭവവികാസങ്ങൾ അന്താരാഷ്ട്ര സാമ്പത്തിക ലോകത്ത് വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇന്ത്യയിലെ വമ്പൻ സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നായിരുന്നു പ്രധാന ആരോപണം. ഈ വിവരങ്ങൾ മറച്ചുവെച്ച് അമേരിക്കൻ നിക്ഷേപകരെ ഉൾപ്പെടെ കബളിപ്പിച്ചുവെന്ന കുറ്റവും അദാനി ഗ്രൂപ്പിനെതിരേ ഉയർന്നിരുന്നു.
സാഗർ അദാനി, വിനീത് ജെയ്ൻ എന്നിവരടക്കമുള്ളവർ മൂന്ന് ബില്യൺ ഡോളറിലധികം വായ്പകളും ബോണ്ടുകളും സമാഹരിച്ചുവെന്ന ആരോപണവും കുറ്റപത്രത്തിലുണ്ടായിരുന്നു. ഈ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് യുഎസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചത്.
കേസിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ലെങ്കിലും, കുറ്റങ്ങൾ പിൻവലിക്കപ്പെടുമെന്ന റിപ്പോർട്ടുകൾ അദാനി ഗ്രൂപ്പ്യ്ക്ക് വലിയ ആശ്വാസമായേക്കുമെന്നാണ് വിലയിരുത്തൽ.



