ചീഫ് സെക്രട്ടറിയുടെ ഉന്നതതല യോഗം….. സ്കൂൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് പുതിയ സർക്കുലർ…. പ്രളയ പ്രതിരോധത്തിന് കോടികൾ

സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടെന്ന രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ വിവിധ വകുപ്പ് മേധാവികളുടെയും ജില്ലാ കളക്ടർമാരുടെയും അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്. കാലവർഷ മുന്നൊരുക്കങ്ങൾ മുതൽ പാഠപുസ്തക വിതരണം വരെയുള്ള സുപ്രധാന വിഷയങ്ങൾ യോഗത്തിൽ വിലയിരുത്തി.

പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം അനുവദിച്ചു. മലപ്പുറത്ത് മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകാനും തീരുമാനമായി. പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ എന്നിവയും ചർച്ച ചെയ്തു. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടികൾ ലഘൂകരിക്കും. വിവിധ വകുപ്പുകളുടെ അനുമതി ലഭിക്കാൻ സമയമെടുക്കുന്നതിനാൽ, സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. പാഠപുസ്തക വിതരണവും യോഗം വിലയിരുത്തി.

എൽ.പി.ജിയിൽ നിന്ന് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) സംവിധാനത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കും. പി.എൻ.ജി ലഭ്യത ഉറപ്പാക്കാൻ തുടർനടപടികൾ സ്വീകരിക്കും. എൻ.എച്ച്.എ.ഐ (NHAI) പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. ഭൂരിഭാഗം ജോലികളും പൂർത്തിയായതായും ബാക്കിയുള്ളവ വേഗത്തിലാക്കാൻ കളക്ടർമാർ ഏകോപനം ശക്തമാക്കണമെന്നും നിർദ്ദേശിച്ചു. സെൻസസ് പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ഭരണപരമായ കാര്യങ്ങളും യോഗം ചർച്ച ചെയ്തു.

Related Articles

Back to top button