150 കേസുകളിലെ പ്രതി ‘യാത്ര വിജയൻ’ കുടുങ്ങി…… മൊബൈലും ബസ്സും ഉപയോഗിക്കില്ല, ലക്ഷ്യം പണം മാത്രം

തിരുവനന്തപുരം നെടുമങ്ങാട് കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ‘യാത്ര വിജയൻ’ എന്ന വിജയൻ (57) ആണ് മോഷണശ്രമത്തിനിടെ വീണ്ടും പോലീസിന്റെ പിടിയിലായത്. പടന്താലുമൂട്ടിലെ ഫ്രൂട്ട്സ് കടയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ മോഷ്ടിച്ച കേസിലെ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലാകുന്നത്. നൂറ്റമ്പതോളം കേസുകളിൽ പ്രതിയായ ഇയാളുടെ വ്യത്യസ്തമായ മോഷണരീതികൾ പോലീസിനെ പോലും അമ്പരപ്പിക്കുന്നതാണ്.
കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗിനിടെ മറ്റൊരു കട കുത്തിത്തുറക്കാൻ ശ്രമിക്കുമ്പോഴാണ് പോലീസ് വിജയനെ കാണുന്നത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഫ്രൂട്ട്സ് കടയിലെ കവർച്ചയുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നത്. യാത്ര വിജയന്റെ മോഷണശൈലി മറ്റ് മോഷ്ടാക്കളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. പിടിക്കപ്പെടാതിരിക്കാൻ ഇയാൾ ഒരിക്കലും മൊബൈൽ ഫോൺ കൈവശം വെക്കാറില്ല. യാത്രകൾക്കായി ബസ്സുകളെ ആശ്രയിക്കാറില്ല. സ്വർണ്ണാഭരണങ്ങളോ മറ്റ് സാധനങ്ങളോ ഇയാൾ മോഷ്ടിക്കില്ല, പണം മാത്രമാണ് ലക്ഷ്യം. കേരളത്തിലും തമിഴ്നാട്ടിലുമായി 150-ഓളം കേസുകൾ ഇയാളുടെ പേരിലുണ്ട്.
ആറുമാസത്തിലൊരിക്കൽ മാത്രമാണ് ഇയാൾ സ്വന്തം വീട്ടിലെത്താറുള്ളത്. പകൽ സമയത്ത് കറങ്ങിനടന്ന് ആളില്ലാത്ത വീടുകളും കടകളും കണ്ടെത്തി രാത്രിയിൽ മോഷണം നടത്തുന്നതാണ് രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.



