നീതിക്കായുള്ള പോരാട്ടം ഹൈക്കോടതിയിലേക്ക്….. അതിജീവിതയ്ക്കായി ധനസമാഹരണം തുടങ്ങി ‘അവൾക്കൊപ്പം ലീഗൽ ട്രസ്റ്റ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നു. 2025 ഡിസംബറിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധിയിൽ വലിയ തോതിലുള്ള നീതിനിഷേധം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് താരം ഉന്നത നീതിപീഠത്തെ സമീപിക്കുന്നത്. ഈ നിയമപോരാട്ടത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്’ പൊതുസമൂഹത്തിൽ നിന്ന് ധനസമാഹരണം ആരംഭിച്ചു.
കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റർ ചെയ്തിട്ടുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സോഷ്യൽ മീഡിയ വഴി സഹായ അഭ്യർത്ഥന നടത്തിയത്. ഉന്നത നീതിപീഠങ്ങളിലെ കേസ് നടത്തിപ്പിന് വലിയ സാമ്പത്തിക ബാധ്യത വരുമെന്നും, നീതിക്കായി പോരാടുന്ന അതിജീവിതയെ പിന്തുണയ്ക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണെന്നും ട്രസ്റ്റ് വ്യക്തമാക്കുന്നു.
സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷക അഡ്വ. വൃന്ദ ഗ്രോവറാണ് ഹൈക്കോടതിയിൽ അതിജീവിതയ്ക്കായി ഹാജരാകുന്നത്. അഡ്വ. ഭദ്രകുമാരി, അഡ്വ. സന്ധ്യ എന്നിവരടങ്ങുന്ന വിദഗ്ദ്ധ അഭിഭാഷക സംഘവും വൃന്ദ ഗ്രോവറിനൊപ്പം ഈ കേസിൽ പ്രവർത്തിക്കും. വിചാരണക്കോടതിയിലെ വിധിയിലെ പോരായ്മകളും അതിജീവിത നേരിട്ട നീതിനിഷേധവും അപ്പീൽ ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടും. ഈ പോരാട്ടത്തിൽ ‘അവൾക്കൊപ്പം’ നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ട്രസ്റ്റ് പങ്കുവെച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വഴി സംഭാവനകൾ നൽകാവുന്നതാണ്. വരും ദിവസങ്ങളിൽ തന്നെ അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.



