പ്രതിപക്ഷ നേതാവ് ആര്? സിപിഎമ്മിൽ തീരുമാനം വൈകുന്നു; പിണറായി വിജയൻറെ നിലപാടിലേക്ക് നേതൃത്വം

സംസ്ഥാനത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ചുള്ള അന്തിമ തീരുമാനം സിപിഎം ഇനിയും കൈക്കൊണ്ടിട്ടില്ല. പാർട്ടിക്കുള്ളിൽ സജീവ ചർച്ചകൾ തുടരുമ്പോൾ, പിണറായി വിജയന്റെ നിലപാട് കാത്താണ് നേതൃത്വം മുന്നോട്ട് പോകുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സിപിഎം നേതൃയോഗങ്ങൾക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുക എന്നാണ് സൂചന. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിഷയം ചർച്ച ചെയ്തില്ല. നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ടയിലും പ്രതിപക്ഷ നേതൃസ്ഥാനം ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ ശക്തമായ അവലോകന ചർച്ചകളാണ് നടക്കുന്നത്. പത്ത് വർഷം സംസ്ഥാനത്തെ നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെയും നയിക്കണമെന്ന അഭിപ്രായത്തിന് പാർട്ടിയിലും എൽഡിഎഫിലും തുറന്ന എതിർപ്പില്ലെന്നാണ് സൂചന. 35 അംഗങ്ങളിലേക്ക് ചുരുങ്ങിയ പ്രതിപക്ഷ നിരയിൽ പരിചയസമ്പന്നനായ നേതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലും ശക്തമാണ്.

അതേസമയം, തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ കുറിച്ച് പാർട്ടിക്കുള്ളിൽ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. പിണറായി ശൈലിയെയും ഭരണരീതികളെയും കുറിച്ചുള്ള വ്യക്തിപരമായ വിമർശനങ്ങളും വിവിധ തലങ്ങളിൽ ഉയരുന്നതായാണ് റിപ്പോർട്ടുകൾ. ബ്രാഞ്ച് തലത്തിൽ നിന്ന് തുറന്ന അവലോകനങ്ങളിലേക്ക് ചർച്ചകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ വിമർശനങ്ങൾ കൂടുതൽ ശക്തമാകാമെന്ന ആശങ്ക നേതൃത്വത്തിനുമുണ്ട്.

പ്രായപരിധിയിൽ ഇളവ് നൽകുന്ന വിഷയവും പോളിറ്റ് ബ്യൂറോയിൽ ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുവദിച്ച പ്രായപരിധി ഇളവ് പ്രതിപക്ഷ നേതൃസ്ഥാനത്തിനും ബാധകമാക്കണോ എന്ന കാര്യത്തിൽ ചില പിബി അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായാണ് സൂചന.

ഇതിനിടെ, എ.കെ.ജി സെന്റർ അനുവദിച്ച ഫ്ലാറ്റ് സ്വീകരിക്കാതെ പിണറായി വിജയൻ തിരുവനന്തപുരത്തെ വാടകവീട്ടിലേക്ക് താമസം മാറിയതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്താലും കൺഡോൺമെന്റ് ഹൗസിൽ തന്നെ ഓഫീസ് പ്രവർത്തിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

പിണറായി വിജയൻ തയ്യാറാണെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മറ്റാരെയും സിപിഎം പരിഗണിക്കില്ലെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്. അതിനാൽ, അടുത്ത ദിവസങ്ങളിലെ സിപിഎം നേതൃയോഗങ്ങളും പിണറായിയുടെ അന്തിമ നിലപാടും കേരള രാഷ്ട്രീയത്തിൽ നിർണായകമായി മാറും.

Related Articles

Back to top button