‘വാഹനാപകടത്തിൽ മരിച്ചു’! വ്യാജ മരണ വാർത്തയ്ക്കെതിരെ രൂക്ഷപ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

താൻ വാഹനാപകടത്തിൽ മരിച്ചെന്ന വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷപ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഇൻസ്റ്റഗ്രാം സേർച്ച് റിസൾട്ടിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചാണ് വെളിപ്പെടുത്തൽ. താൻ വാഹനാപകടത്തിൽ മരിച്ചുവെന്ന വാർത്ത അറിഞ്ഞ് പലരും തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്നും ഈശ്വരാനുഗ്രഹംകൊണ്ട് തനിക്കിപ്പോൾ ഒരു പ്രശ്‌നവുമില്ലെന്നും അഭിലാഷ് പിള്ള പറഞ്ഞു.
അഭിലാഷ് പിള്ളയുടെ വാക്കുകൾ—
“ഇന്ന് രാവിലെ മുതൽ പല സുഹൃത്തുക്കളും , മീഡിയ പ്രവർത്തകരും വിളിച്ച് ഞാൻ ഓക്കെ ആണോ എവിടെയുണ്ട് എന്നൊക്കെ തിരക്കിയപ്പോൾ ഇതാണ് കാരണം എന്നറിഞ്ഞില്ല, ഇന്നലെ ഞാൻ വാഹനാപകടത്തിൽ മരിച്ചു എന്ന് പലർക്കും വാർത്ത കിട്ടി, 3 ദിവസമായി കടുത്ത പനിയും തലകറക്കവും കാരണം ഫോൺ ഉപയോഗം കുറവായത് കൊണ്ട് ഞാൻ ഈ വാർത്ത അറിഞ്ഞില്ല, ഇന്ന് കൂടി എറണാകുളം വെൽകെയർ ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ പോയപ്പോഴും എനിക്ക് ജീവനുണ്ടാരുന്നു, ഈ വാർത്തയൊക്കെ വീട്ടിൽ ഇരിക്കുന്ന എന്റെ ബൈപാസ് സർജറി കഴിഞ്ഞിരിക്കുന്ന അച്ഛൻ കണ്ടാൽ ഉള്ള അവസ്ഥ. ഈ വാർത്തയുടെയൊക്കെ അണിയറ പ്രവർത്തകരെ അറിയാം പക്ഷേ പ്രതികരിക്കാൻ സമയം ഇല്ല. എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത് ഈശ്വരാനുഗ്രഹം കൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കിയ എല്ലാവരോടും നന്ദി”.



